എഡ്യൂടെക് രംഗത്ത് മലപ്പുറത്തിന്റെ കുതിപ്പ്; സ്റ്റാർട്ടപ്പ് കമ്പനിയായ ‘ഇന്റർവെൽ’ 15 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

Spread the love

മലപ്പുറം/ കൊച്ചി: കേരളത്തിലെ എഡ്യൂടെക് മേഖലയിൽ തരംഗമായി മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ‘ഇന്റർവെൽ’ (Interval). രണ്ടാം ഘട്ട നിക്ഷേപ സമാഹരണത്തിലൂടെ (Pre-series Funding) 1.6 മില്യൺ യുഎസ് ഡോളർ (ഏകദേശം 15 കോടി രൂപ) കമ്പനി സ്വന്തമാക്കി. ഖത്തർ ആസ്ഥാനമായ പ്രമുഖ എൻ.ആർ.ഐ സംരംഭകരായ ബജീഷ് ബഷീറും റിഷീന ബജീഷുമാണ് ഈ വൻതുക ഇന്റർവലിൽ നിക്ഷേപിച്ചത്.

വ്യക്തിഗത പഠന രീതികളിലൂടെ (Personalized Learning) ചുരുങ്ങിയ കാലം കൊണ്ട് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്റർവൽ, വിദ്യാഭ്യാസ മേഖലയിലെ മലപ്പുറത്തിന്റെ പുതിയ മുഖമായി മാറുകയാണ്. ഇന്റർവെൽ സ്ഥാപകരായ ഒ.കെ സനാഫിർ, ഷിബിലി അമീൻ, അസ്‌ലഹ് തടത്തിൽ, നാജിം ഇല്ല്യാസ്, റമീസ് അലി എന്നിവർ നിക്ഷേപ കരാറിൽ ഒപ്പുവെച്ചു. ആഷിഖ് അസോസിയേറ്റ്സിലെ സി.എസ് ആഷിഖാണ് നിക്ഷേപ നടപടികൾക്ക് നേതൃത്വം നൽകിയത്.

ലഭ്യമായ പുതിയ നിക്ഷേപം കമ്പനിയുടെ സാങ്കേതിക വിദ്യകൾ പരിഷ്കരിക്കാനും കൂടുതൽ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും ഉപയോഗിക്കുമെന്ന് സ്ഥാപകർ അറിയിച്ചു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രത്യേക അധ്യാപന രീതികളാണ് ഇന്റർവലിനെ മറ്റ് എഡ്യൂടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

മലപ്പുറത്തിന് അഭിമാന നേട്ടം

ചെറിയ കാലയളവിനുള്ളിൽ ഒരു മലപ്പുറം അധിഷ്ഠിത സ്റ്റാർട്ടപ്പ് അന്താരാഷ്ട്ര തലത്തിൽ ഇത്രയും വലിയ നിക്ഷേപം ആകർഷിക്കുന്നത് ജില്ലയിലെ യുവ സംരംഭകർക്ക് വലിയ ആവേശമാണ് നൽകുന്നത്. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ആഗോള നിക്ഷേപകരെ എത്രത്തോളം ആകർഷിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ നേട്ടം.

ഫോട്ടോ ക്യാപ്‌ഷൻ: ഇന്റർവെൽ സ്ഥാപകരായ ഒ.കെ സനാഫിർ, ഷിബിലി അമീൻ, അസ്‌ലഹ് തടത്തിൽ, നാജിം ഇല്ല്യാസ്, ബജീഷ് ബഷീറും റിഷീന ബജീഷ് എന്നിവർ നിക്ഷേപ കരാറിൽ ഒപ്പ് വെക്കുന്നു.

Adarsh Onnatt

Author

Leave a Reply

Your email address will not be published. Required fields are marked *