ആദ്യത്തേയും അവസാനത്തേയും മുത്തം : ലാലി ജോസഫ്

Spread the love

ലാലി ജോസഫ്

ആ മരണ വാര്‍ത്ത എന്നെ അത്ഭുതപ്പെടുത്തിയില്ല കാരണം അറിയാമായിരുന്നു അവളുടെ മരണം വളരെ അടുത്തു കഴിഞ്ഞു എന്നുള്ളത്എന്നിരുന്നാലും അവള്‍ പോയി എന്നറിഞ്ഞപ്പോള്‍ തോന്നുന്ന വികാരം മറ്റൊന്നായിരുന്നു. വര്‍ഷങ്ങള്‍ ഒന്നും രണ്ടുമല്ല. നീണ്ട അറുപതു വര്‍ഷം ഞങ്ങള്‍ സുഹ്യുത്തുക്കളായിരുന്നു. അവളുടെ ജീവിതത്തിലൂടെയൊഴുകിയ സന്തോഷത്തിന്റേയും ദു:ഖത്തിന്റേയും നിമിഷങ്ങള്‍ ഞങ്ങള്‍ പരസ്പരം പങ്കു വച്ചിരുന്നു.

അവള്‍ ഒറ്റക്കായിരുന്നുവെന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും സത്യമാകില്ല. കൂട്ടുകുടുംബമായതിനാല്‍ വീട് എപ്പോഴും ആളുകളാല്‍ നിറഞ്ഞിരുന്നു. അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനായി അവള്‍ക്ക് ഒരുപാട് സമയം ചിലവഴിക്കേണ്ടി വന്നു.അവള്‍ അതെല്ലാം പരാതിയില്ലാതെ ചെയ്തു തീര്‍ത്തിരുന്നു, ചുരുങ്ങിയ ഒഴിവു സമയങ്ങളില്‍ അവളുടെ ഏക കൂട്ടുകാരി ഏകാന്തത തന്നെയിരുന്നു.

ജീവിതത്തിലെ കൂട്ടുകാരനെ കാണാന്‍ പോലും സമയം കിട്ടിയിരുന്നില്ല. പാടത്തിലേക്കോ അല്ലെങ്കില്‍ റബ്ബര്‍ വെട്ടാനോ പോകുന്ന തിരക്കുകളായിരുന്നു എല്ലായിപ്പോഴും. അതെല്ലാം ഒരു പരാതിയുമില്ലാതെ വേദന പങ്കു വയ്ക്കാനോ അന്ന് അവള്‍ക്ക് ആരുമുണ്ടായിരുന്നില്ല അങ്ങിനെ വര്‍ഷം രണ്ടു കടന്നു പോയി .അപ്പോഴാണ് എന്റെ വരവ്.. എന്നേയും അവളുടെ ഇടവകയിലേക്ക് കെട്ടിച്ചു കൊണ്ടു വന്നതായിരുന്നു.

പള്ളിയില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. അവളെ കണ്ട നിമിഷം തന്നെ എനിക്കു തോന്നി അവള്‍ക്ക് എന്തോ എന്നോട് പറയാനുണ്ടെന്ന്. ദിവസങ്ങള്‍ കടന്നു പോയി. അവള്‍ എന്നിലേക്ക് കൂടുതല്‍ അടുത്തേക്ക് വരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു ദിവസം ഞാന്‍ അവളുടെ കാര്യങ്ങള്‍ ചോദിച്ചു തുടങ്ങി. അവളുടെ സന്തോഷം കണ്ടപ്പോള്‍ വീണ്ടും വീണ്ടും അവളെ കുറിച്ച് അറിയുവാന്‍ എനിക്ക് ആഗ്രഹം തോന്നി. പതിയെ അവളുടെ രഹസ്യ ജീവിതവും പരസ്യ ജീവിതവും എല്ലാം അവള്‍ എന്നേട് പങ്കു വച്ചു. ഒരു കൂടപ്പിറപ്പിനോട് സംസാരിക്കുന്നതു പോലെ അവള്‍ എന്നോട് തുറന്നു.

വര്‍ഷങ്ങള്‍ വളരെ വേഗം കൊഴിഞ്ഞു വീണു, വാര്‍ദ്ധ്യക്യം ഞങ്ങളിരുവരേയും പിടികൂടി. പള്ളിയില്‍ പോകുന്ന പതിവ് കുറയാന്‍ തുടങ്ങി. ഫോണിലൂടെ മാത്രമായി ആശയവിനിമയം. പിന്നെ അവളുടെ ആരോഗ്യ സ്ഥിതി മോശമായി. സംസാരശേഷി പോലും കുറഞ്ഞു, ഒടുവില്‍ ഫോണിലൂടെയുള്ള സംസാരവും നിലച്ചു.

അവളുടെ അവസാന നാളുകളില്‍ അവളെ കാണാന്‍ എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ എന്റെ ആരോഗ്യ സ്ഥിതി അതിന് അനുവദിച്ചിരുന്നില്ല.

കഴിഞ്ഞ അറുപത് വര്‍ഷത്തെ സംഭാഷണങ്ങള്‍ എല്ലാം എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു. അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും അവള്‍ എന്നോട് പറഞ്ഞിരുന്ന നിമിഷങ്ങള്‍. സംസാരത്തിന്റെ അവസാനം അവള്‍ പറഞ്ഞിരുന്ന ഒരു വാചകം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്’നീ ഇതൊന്നും ആരോടും പറയരുത് കേട്ടോ.. നിന്നോടു പറഞ്ഞു കഴിയുമ്പോള്‍ എനിക്ക് ഒരു ആശ്വാസം തോന്നും’ .

ഞാന്‍ അവള്‍ക്ക് വാക്കു നല്‍കിയിരുന്നു .. ആരോടും പറയുകയില്ലെന്ന്..മരണത്തിന് ഒരാഴ്ച മുന്‍പ് അവളെ കണ്ടത് ഞാന്‍ ഓര്‍ത്തെടുത്തു. അവള്‍ എന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തില്‍ ഒരു വിടപറയലിന്റെ ഭാരമുണ്ടയിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.

മരണാനന്തര ചടങ്ങുകള്‍ .ഞാന്‍ വീട്ടിലെ ടെലിവിഷനില്‍ തത്സമയം കണ്ടു. ഈ നൂതന സാങ്കേതികവിദ്യ നമ്മളിലേക്ക് കൊണ്ടുവന്നവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

അവള്‍ക്ക് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് പോകുന്നതിനു മുന്‍പ് ഒരു പ്രധാന ചടങ്ങുണ്ട്. അവസാനമായി മുത്തം കൊടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൊടുക്കാമെന്ന അറിയിപ്പുണ്ടായി. എനിക്ക് അത് നഷ്ടമായല്ലോ അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

എല്ലാംവരും ചുംബനം നല്‍കി കഴിഞ്ഞപ്പോള്‍ അവിടെ പിന്നില്‍ കസേരയില്‍ ഇരുന്ന ഒരാളിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ തിരിഞ്ഞത്. അവളുടെ ഭര്‍ത്താവ് അറുപത് വര്‍ഷത്തിലേറെയായി കൂടെ താമസിച്ച ആ മനുഷ്യന്‍ അദ്ദേഹം പതുക്കെ എഴുന്നേറ്റു. ചുറ്റുപാടൊന്നു നോക്കി. എല്ലാവരും നോക്കി നില്‍ക്കേ അവള്‍ക്ക് അദ്ദേഹം നല്‍കിയ ആ ചുംബനം അദ്ദേഹത്തിന്റേയും അവളുടേയും ജീവിതത്തില്‍ അത് ആദ്യത്തേയും അവസാനത്തേയും മുത്തമായിരുന്നു എന്ന് ഞാന്‍ മാത്രമേ അറിഞ്ഞിരുന്നുള്ളു. പാടവും റബ്ബറും സ്‌നേഹിച്ച് ഓടി നടന്ന കാലത്ത് ഒരു ചൂടുള്ള മുത്തം കിട്ടാന്‍ ആഗ്രഹിച്ചിരുന്ന മനസ് അത് കാണാന്‍ കഴിയാതെ പോയത് ആരുടേയും കുറ്റമായിരുന്നില്ല. ചിലപ്പോള്‍ സാഹചര്യങ്ങള്‍ അതിന് അനുകൂലമാവില്ല. എന്നെ ഏറ്റവുമധികം ചിന്തിപ്പിച്ച ഒരു നിമിഷമായിരുന്നു അത്. ഒളിച്ചു കിട്ടാന്‍ ആഗ്രഹിച്ചിരുന്ന ഒരു മുത്തം ഇന്ന് എല്ലാംവരുടേയും മുന്‍പില്‍ വച്ച് നല്‍കപ്പെട്ടത് കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

 

Author

Leave a Reply

Your email address will not be published. Required fields are marked *