
തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നസ്സ്’എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിന് ജനുവരി ഒന്നിന് രാവിലെ 11.30 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും പരിപാടികള്‍ ഉണ്ടായിരിക്കും.
10 ലക്ഷത്തോളം പേരാണ് പുതുതായി ജനുവരി ഒന്നിന് വ്യായാമത്തിലേക്കെത്തുന്നത്. നവ കേരളം കര്‍മ്മ പദ്ധതി – ആര്‍ദ്രം മിഷന് രണ്ടിന്റെ ഭാഗമായ 10 പദ്ധതികളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതശൈലി രോഗ പ്രതിരോധത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിപുലമായ ജനപങ്കാളിത്തത്തോട് കൂടിയ ഒരു ജനകീയ കാമ്പയിന് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
വൈബ് 4 വെല്‍നസ്സിലൂടെ നാല് മേഖലകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്. നല്ല ഭക്ഷണശീലം, വ്യായാമം പ്രോത്സാഹിപ്പിക്കല്‍, ഉറക്കവും വിശ്രമവും, മാനസിക സുസ്ഥിതി എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 5416 ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും, 10,000 യോഗ ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ സ്ഥിരമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ സുസ്ഥിതിക്ക് അവസരം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. 2026ലെ പുതുവല്‍സര ദിനത്തില്‍ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ഈ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്.
ക്യാമ്പയിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്ന് ഡിസംബര്‍ 26 ന് ആരംഭിച്ച വിളംബര ജാഥ തിരുവനന്തപുരത്തെത്തി.