ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് കെപിസിസി ദ്വിദിന ക്യാമ്പ് വയനാട് സപ്തയില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി നടത്തിയ ഉദ്ഘാടനം പ്രസംഗം ( 4.1.26)

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും അവരുടെ രാഷ്ട്രീയ പരീക്ഷണശാലകളില്‍ ചില പുതിയ കരുക്കള്‍ ഒരുക്കുന്ന ശ്രമത്തിലാണെന്നും അതിന്റെ ഭാഗമായി കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളെന്ന വാര്‍ത്ത സൃഷ്ടിക്കുകയാണ് അവരുടെ തന്ത്രമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതിന് പറ്റിയത് ദ്വിദിന ക്യാമ്പില്‍ നിന്ന് കിട്ടുമോയെന്നാണ് നോക്കുന്നത്. മുഖ്യമന്ത്രി പദം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, എംപിമാരുടെ മത്സര സന്നദ്ധത തുടങ്ങിയ ചര്‍ച്ചകളുടെ ഉറവിടം അതിന്റെ ഫലമായി പരുവപ്പെട്ടതാണ്. ലോക്‌സഭയിലും തദ്ദേശ സ്ഥാപനങ്ങളിലും നടന്ന തിരഞ്ഞെടുപ്പില്‍ ദയനീയപരാജയം ഏറ്റുവാങ്ങിയ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഏക കച്ചിത്തുരുമ്പ് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കുക എന്ന പരീക്ഷണമാണ്. അത്തരം വാര്‍ത്തകള്‍ക്ക് അവസരം സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രത നാം കാട്ടണം.
തൊഴിലുറപ്പ് പദ്ധതിയെ കശാപ്പ് ചെയ്തു
തൊഴിലുറപ്പ് നിയമഭേദഗതി ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത നരേന്ദ്രമോദി സര്‍ക്കാര്‍ തകര്‍ത്തെന്നും അതിനെതിരെ കോണ്‍ഗ്രസ് ദേശീയവ്യാപക പ്രക്ഷോഭത്തിലാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മഹാത്മാ ഗാന്ധിജിയുടെ പേര് മാറ്റുക എന്ന മഹാപാതകത്തിലൂടെ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന ഗ്രാമസ്വരാജ് സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും അട്ടിമറിച്ചു. പദ്ധതിയില്‍ കൂലിയിനത്തിലെ കേന്ദ്രവിഹിതം 60 ശതമാനമാക്കിയതിനെ തുടര്‍ന്ന് കേരളം പോലും 2000 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. കേന്ദ്രസര്‍ക്കാരിന്റെ കയ്യിലേക്ക് കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിച്ച് വികേന്ദ്രീകരണം എന്ന ആശയത്തെ തകര്‍ത്തു. സംസ്ഥാനത്തെ ഒരു പഞ്ചായത്തില്‍ ഈ പദ്ധതി വേണമോയെന്ന് തീരുമാനിക്കാനുള്ള അധികാരം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് ചുരുക്കി. പിഎംശ്രീ,ലേബര്‍ കോഡ്, ദേശീയപാത തകര്‍ച്ച എന്നിവയില്‍ ബിജെപിയുമായിട്ടുള്ള സിപിഎമ്മിന്റെ അവിഹിത കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നുവെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.