87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി

Spread the love

സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം

തിരുവനന്തപുരം: നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഇതോടെ ആകെ 750 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 10,000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ഈ സര്‍ക്കാര്‍ 5416 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇതുകൂടാതെ നഗര പ്രദേശങ്ങളില്‍ 356 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. ആര്‍ദ്രം മിഷന്റെ ഭാഗമായി 913 ആശുപത്രികളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 90 ആശുപത്രികളില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. 14 ജില്ലാ, ജനറല്‍ ആശുപത്രികളിലും 26 താലൂക്ക് ആശുപത്രികളിലും ഒപി വിഭാഗം നവീകരിച്ചു. 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ ശാക്തീകരിച്ചു.

രാവിലെ 9 മണിമുതല്‍ 6 മണിവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ഫാര്‍മസി, ലാബ്, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ ബോധവത്ക്കരണത്തിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിക്കുന്നത്.

ആരോഗ്യ മേഖലയിലെ വലിയ വികസനത്തിന്റെ ഫലമായി 290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 172 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 40 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *