വൈവിധ്യങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും അവയെ പുരോഗതിയുടെ ചാലകശക്തിയാക്കി മാറ്റണമെന്നും കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മൗറീഷ്യസ് മുൻ പ്രസിഡന്റ് ഡോ. അമീന ഗുരീബ് ഫക്കീം പറഞ്ഞു. മൗറീഷ്യസിനെപ്പോലെ തന്നെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവുമാണ് കേരളത്തിന്റെയും കരുത്ത്.അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടം ലോകശ്രദ്ധ ആകർഷിക്കുന്നതാണെന്നും അവർ പറഞ്ഞു. മൗറീഷ്യസിലെ ആരോഗ്യമേഖലയിൽ കേരളത്തിൽ നിന്നുള്ളവരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ നിയമസഭ പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളുടെ പ്രകാശനവും കേരള നിയമസഭ മാധ്യമ അവാർഡുകളുടെ (2025) വിതരണവും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവ്വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി. വി. രാജേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, വി. കെ. പ്രശാന്ത്, നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.ജനുവരി ഏഴിന് ആരംഭിച്ച പുസ്തകോത്സവം തലസ്ഥാനത്തിന് ഉത്സവലഹരിയാണ് സമ്മാനിച്ചത്. 170 പ്രസാധകർ, 280 സ്റ്റാളുകൾ, 300ഓളം പുസ്തക പ്രകാശനങ്ങൾ എന്നിവ മേളയുടെ മാറ്റുകൂട്ടി.വടക്കേ മലബാറിലെ അനുഷ്ഠാന കലയായ തെയ്യം നിയമസഭാങ്കണത്തിൽ അരങ്ങേറിയത് ഇത്തവണത്തെ പ്രധാന ആകർഷണമായിരുന്നു. പൂക്കുട്ടിചാത്തൻ തിറ, മുത്തപ്പൻ വെള്ളാട്ടം, അഗ്‌നികണ്ഠാകർണൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കാണാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. കെ.എൽ.ഐ.ബി.എഫ് ടോക്ക്, സാഹിത്യ സദസ്സുകൾ, കുട്ടികൾക്കായി സജ്ജീകരിച്ച ‘സ്റ്റുഡന്റ്‌സ് കോർണർ’ തുടങ്ങിയവ വിജ്ഞാനവും വിനോദവും പങ്കിടുന്ന ഇടങ്ങളായി മാറി.