വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള സി.പി.എം- ബി.ജെ.പി തന്ത്രത്തിന്റെ ഉപകരണമായി ആരും മാറരുത്.
പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (18/01/2026).
കൊച്ചി : എല്ലാവരും ഐക്യപ്പെട്ട് പോകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. ആരും തമ്മില്‍ വഴക്കുണ്ടാകരുത്. സാമുദായിക സ്പര്‍ദ്ദ കേരളത്തില്‍ ഉണ്ടാകരുത്. സാമുദായികമായ ഐക്യം വേണം. മതസൗഹാര്‍ദ്ദം കേരളത്തില്‍ ഉണ്ടാകണം. അതിന് ആര് മുന്‍കൈഎടുത്താലും അതിനെ പിന്തുണയ്ക്കും. അത് നല്ലകാര്യമാണ്. വ്യാപകമായ വിദ്വേഷ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. പണ്ട് സംഘ്പരിവാറാണ് അതിന്റെ മുന്‍പന്തിയില്‍ നിന്നിരുന്നത്. മതപരമായ തര്‍ക്കങ്ങള്‍ ഉണ്ടാക്കി ഭിന്നിപ്പില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം പിടിച്ചെടുകയെന്നത് സംഘ്പരിവാര്‍ തന്ത്രമാണ്. അതേ സംഘ്പരിവാര്‍ തന്ത്രമാണ് സി.പി.എമ്മും കേരളത്തില്‍ പയറ്റുന്നത്. സി.പി.എം സംഘ്പരിവാറിന്റെ അതേ വഴിയിലൂടെയാണ് പോകുന്നത്. എസ്.എന്‍.ഡി.പി ജനറല്‍ 
സെക്രട്ടറിയെ കുറിച്ചല്ല തിരുവനന്തപുരത്ത് പ്രസംഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രിക്ക് മതേതരത്വത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു അവകാശവുമില്ല. എ.കെ ബാലന്‍ നടത്തിയ പ്രസ്താവന മതസ്പര്‍ദ്ദ ഉണ്ടാക്കാനുള്ള സംഘ്പരിവാര്‍ രീതിയായിരുന്നു. എം.വി ഗോവിന്ദന്‍ ആ പ്രസ്താവനയെ തള്ളിപ്പറഞ്ഞപ്പോഴും പിണറായി വിജയന്‍ എ.കെ ബാലനെ സംരക്ഷിച്ചു. സംഘ്പരിവാറിന്റെ അതേ രീതിയിലാണ് പിണറായി വിജയനും പ്രവര്‍ത്തിക്കുന്നത്. പറവൂരില്‍ എന്നെ തോല്‍പ്പിക്കാന്‍ ബി.ജെ.പി- ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമെന്നുമാണ് സംഘ്പരിവാര്‍ നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. എന്നെ തോല്‍പ്പിക്കുക എന്നത് ബി.ജെ.പിയുടെ ആവശ്യമാണ്. ആര് വര്‍ഗീയത സംസാരിച്ചാലും ഞങ്ങള്‍ അവര്‍ക്കെതിരെ നിലപാട് എടുക്കും. അത് ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത ആയാലും കോണ്‍ഗ്രസും യു.ഡി.എഫും എതിര്‍ക്കും. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. അധിക്ഷേപിച്ചത് എന്നെയാണ്. എന്നിട്ടും തിരിച്ച് ഒരു മറുപടിയും പറഞ്ഞില്ല. ഇതിന് മുന്‍പും ഇന്നലെയും എന്നെക്കുറിച്ച് മോശമായ വാക്കുകള്‍ പറഞ്ഞു. അദ്ദേഹം പ്രായമായ ആളാണെന്നും ഇരിക്കുന്ന സ്ഥാനം വളരെ പ്രധാനപ്പെട്ട ആളുകള്‍ ഇരുന്ന സ്ഥാനമാണ്. അതുകൊണ്ട് അങ്ങനെയുള്ള ആളിനെ കുറിച്ച് മോശമായി ഒന്നും പറയില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ശ്രീനാരായണ ഗുരുദേവന്‍ എന്ത് പറയരുതെന്ന് പറഞ്ഞോ അതാണ് അദ്ദേഹം പറഞ്ഞത്. അത് ഗുരുനിന്ദയാണ്. വര്‍ഗീയതയുണ്ടാക്കി ഭിന്നിപ്പില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ബി.ജെ.പി- സി.പി.എം തന്ത്രത്തിന്റെ ഉപകരണമായി അദ്ദേഹം മാറരുതെന്നാണ് പറഞ്ഞത്. അത് ഇനിയും പറയും. എല്ലാവരും കൂടി ഐക്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് എല്ലാവിധ പിന്തുണയും നല്‍കും.
ഞാന്‍ ഈഴവ വിരോധിയാണെന്ന് പറയുന്നതിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ശ്രീനാരായണീയരായ ആളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചെയ്തിട്ടാണ് ഞങ്ങളൊക്കെ ജയിക്കുന്നത്. അദ്ദേഹമാണ് ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കുന്നത്. അദ്ദേഹം പലരുടെയും ഉപകരണമായി മാറുന്നു. അങ്ങനെ ആകരുത്. അല്ലാതെ അദ്ദേഹത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ഊളന്‍പാറയില്‍ അയയ്ക്കണമെന്ന് ഒരു സമുദായ നേതാവ് പറയുമ്പോള്‍ അതിന് മറുപടി പറയുന്നില്ല. അദ്ദേഹത്തെ കുറിച്ച് മാത്രമല്ല, സാമുദായിക, രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശമായി ഒന്നും പറയില്ല. അവര്‍ പറയുന്ന കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പറയുക തന്നെ ചെയ്യും.

വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതിനെ വിമര്‍ശിക്കുന്ന ആളുകളുണ്ട്. വെള്ളാപ്പള്ളിയുടെ പേര് പോലും ഞാന്‍ പറഞ്ഞില്ല. അത് ആരാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകും. വര്‍ഗീയ പരാമര്‍ശം നടത്തിയ ആള്‍ക്ക് പിറ്റേ ആഴ്ച മുഖ്യമന്ത്രി പൊന്നാടയിട്ടു. അത് എന്ത് സന്ദേശമാണ് നല്‍കുന്നത്? ഗുരു എന്താണോ പറഞ്ഞത് അതിന് വിരുദ്ധമായാണ് വെള്ളാപ്പള്ളി പറഞ്ഞത്. അങ്ങനെയുള്ള ആളെ പൊന്നാട അണിയിച്ച മുഖ്യമന്ത്രിയാണ് മതേതരത്വത്തെ കുറിച്ച് എന്റെ മുന്നില്‍ നിന്ന് ഒന്നര മണിക്കൂര്‍ പ്രസംഗിച്ചത്. മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കാന്‍ എളുപ്പമാണ്. സി.പി.എം പോലുള്ള പാര്‍ട്ടിയും അതിന്റെ നേതാവും യു.ഡി.എഫ് വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്ലാമി ഭരിക്കുമെന്ന് പറഞ്ഞത് വര്‍ഗീയ പ്രസ്താവനയാണ്. 42 കൊല്ലം ജമാഅത്ത് ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നു. അക്കാലത്ത് സി.പി.എം ഭരിച്ചപ്പോഴൊക്കെ ജമാഅത്ത് ഇസ്ലാമിയാണോ ആഭ്യന്തരം ഭരിച്ചത്? അങ്ങനെയെങ്കില്‍ അധികാരത്തില്‍ വരുമ്പോള്‍ ഞങ്ങളും ശ്രദ്ധിച്ചോളാം.
പറവൂരില്‍ സംഘ്പരിവാറിന് വോട്ട് പോലുമില്ല. നല്ല മാര്‍ജിനിലാണ് ഞാന്‍ എല്ലാത്തവണയും ജയിക്കുന്നത്. ഏതെങ്കിലും ഹിന്ദുഐക്യവേദി നേതാവ് എനിക്ക് അനുകൂലമായി പറയുമോ? കാരണം ഞാന്‍ വര്‍ഗീയതയ്‌ക്കെതിരെ കടുത്ത നിലപാടെടുക്കുന്ന ആളാണ്. സി.പി.എമ്മും ഇതേ വാചകമാണ് പറയുന്നത്. ഞാന്‍ ഹിന്ദു വിരുദ്ധനെന്നാണ് ബി.ജെ.പി പറയുന്നത്. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ആ വോട്ട് മുഴുവന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മറിച്ച് കൊടുക്കണമെന്നാണ് പറയുന്നത്. വര്‍ഗീയതയ്ക്ക് എതിരായ നിലപാടില്‍ ഒരു വെള്ളവും ചേര്‍ക്കില്ല. തിരഞ്ഞെടുപ്പില്‍ തോറ്റാലും കുഴപ്പമില്ല. 2016-ല്‍ ഇതേ സാഹചര്യം ഞാന്‍ നേരിട്ടിട്ടുണ്ട്. വര്‍ഗീയതയുമായുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് വെട്ടേറ്റ് മരിച്ചാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കുമെന്നും വര്‍ഗീയത കണ്ട് തിരിഞ്ഞോടി പിന്നില്‍ നിന്നും വെട്ടേറ്റ് മരിക്കില്ലെന്നും പ്രസംഗിച്ച ആളാണ് ഞാന്‍. അന്ന് എല്ലാവര്‍ഗീയ ശക്തികളും എനിക്കെതിരെ ഒന്നിച്ചു. അന്ന് എന്നെ തോല്‍പിക്കാന്‍ ശ്രമിച്ച വര്‍ഗീയ ശക്തികള്‍ക്കെതിരെ പറവൂരിലെ ജനത ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു.

വെള്ളാപ്പള്ളിയെ അല്ല വര്‍ഗീയതയെയാണ് ലക്ഷ്യം വച്ചത്. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും തമ്മിലുള്ള ഐക്യം ലീഗ് എങ്ങനെയാണ് തകര്‍ക്കുന്നത്? അതില്‍ ലീഗിന് എന്ത് റോളാണുള്ളത്. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഒറ്റ ശബ്ദമാണ്. കേരളത്തിലെ മുഴുവന്‍ ആളുകളും മതേതര വാദികളാണ്. മതേതര കേരളം ഞങ്ങള്‍ക്കൊപ്പം നില്‍ക്കും. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനാകില്ല. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ഉണ്ടാകും. വിദ്വേഷത്തിന് ആര് ശ്രമിച്ചാലും അതിനെ എതിര്‍ക്കും. ഇവരെല്ലാം ചേര്‍ന്ന് എന്തൊരു നവോത്ഥാനമാണ് കേരളത്തില്‍ നടത്തിയത്. വിദ്വേഷം പറയുന്നവര്‍ക്ക് കേരളം ചുട്ട മറുപടി നല്‍കും. രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് ഞാനും പറയുന്നത്. വര്‍ഗീയതയ്‌ക്കെതിരെയാണ് രാഹുല്‍ ഗാന്ധി പോരാടുന്നത്. അത് തന്നെയാണ് കേരളത്തിലെയും നിലപാട്. എന്നെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞ വാക്കുകളൊക്കെ അവിടെ കിടക്കട്ടെ. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടല്ല. സുകുമാരന്‍ നായര്‍ വര്‍ഗീയതയ്ക്ക് എതിരായ നിലപാടാണ് എടുത്തത്. വര്‍ഗീയത പറയാത്ത അദ്ദേഹത്തിനെതിരെ ഞാന്‍ എന്തിനാണ് പറയുന്നത്?
സ്വാമി വിവേകാനന്ദനെ കുറിച്ച് പി പരമേശ്വരന്‍ ഇറക്കിയ പുസ്തകത്തിന്റെ പ്രകാശനത്തിനാണ് ഞാന്‍ തൃശൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തില്‍ പോയത്. അതിന് മുന്‍പ് അതേ പുസ്തകം തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചത് വി.എസ് അച്യുതാനന്ദനായിരുന്നു. എന്നിട്ടും ഇപ്പോഴും അതേക്കുറിച്ച് പറയാന്‍ നാണമുണ്ടോ. അന്ന് പ്രകാശനത്തിന് എന്റെ പേര് നിര്‍ദ്ദേശിച്ചത് എം.പി വീരേന്ദ്രകുമാറാണ്. തിരുവനന്തപുരത്ത് വി.എസ് പ്രകാശനം ചെയ്ത പുസ്തമാണ് തൃശൂരില്‍ ഞാന്‍ പ്രകാശനം ചെയ്തത്.