
തിരുവനന്തപുരം : വര്‍ഗീയ പ്രസ്താവന പിന്‍വലിച്ചതിലൂടെ മാത്രം മന്ത്രി സജി ചെറിയാന് കേരള സമൂഹത്തില്‍ ഉണ്ടാക്കിയ വര്‍ഗീയ ചേരിതിരിവ് ഇല്ലാതാകുന്നില്ലെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍.എം എല്‍ എ. സി പി എം ആലോചിച്ചെടുത്ത തീരുമാനത്തെ തുടര്‍ന്ന് ആസൂത്രിതമായി നടത്തിയ പ്രസ്താവനയായിരുന്നു സജി ചെറിയാന്റേത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സി പി എം അണികളുടേയും നേതാക്കളുടേയും ബി ജെ പിയിലേക്കുള്ള കൊഴിഞ്ഞ് പോക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറത്തെ വര്‍ഗീയമായി ചിത്രീകരിച്ച് പ്രസ്താവന നടത്തിയത്. വര്‍ഗീയ വിരുദ്ധ ചേരിയിലാണ് സി പി എം ഇപ്പോഴും നിലനില്ക്കുന്നതെങ്കില് ഇതിനെതിരെ പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും ശക്തമായ നടപടിയെടുക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
മുമ്പ് സുബ്രമണ്യന്‍ സ്വാമി അടക്കമുള്ള ബി ജെ പി നേതാക്കള്‍ നടത്തിയപോലത്തെ സമാനമായ പ്രസ്താവനകള്‍ സി പി എം നടത്തുന്നത് ഞെട്ടിക്കുന്നതാണ്. പോളിറ്റ് ബ്യൂറോ അംഗമടക്കമുള്ള സി പി എം നേതാക്കളുള്ള ജില്ലയെ കുറിച്ച് ഇത്തരമൊരു പ്രസ്താവന ഒരു മന്ത്രി നടത്തണമെങ്കില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകും. സി പി എം വോട്ട് സംരക്ഷിക്കാന്‍ ബി ജെ പി പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് സി പി എം നേതാക്കള്‍ പറയുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു. ബി ജെ പി മതത്തിന്റേയും, ഭാഷയുടേയും, ഭക്ഷണത്തിന്റേയും പേരില്‍ വര്‍ഗീയത പറയുമ്പോള്‍ സി പി എം പേരുനോക്കിയാണ് വര്‍ഗീയത കണ്ടെത്തുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.
മലപ്പുറം ജില്ല എന്നും മതേതരത്വം ഉയര്‍ത്തി പിടിച്ചവരാണ്. ഇത്തരം പ്രസ്താവനകള്‍ സി പി എമ്മിന് തിരിച്ചടിയാകും. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അടക്കം സജി ചെറിയാനെ തള്ളി പറയാത്തിടത്തോളം ഇത് അവരുടെ കൂടെ മൗനാനുവാദത്തോടെയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നവെന്നും അനില്‍കുമാര്‍ പറഞ്ഞു.