ശബരിമല: 2.56 ലക്ഷം തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകി

Spread the love

ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവൻ രക്ഷിച്ചുശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607, ചരൽമേട് 19,593, നിലയ്ക്കൽ 24,025 എന്നിങ്ങനെയാണ് ചികിത്സ നൽകിയത്. പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമർജൻസി മെഡിക്കൽ സെന്ററുകളിലൂടെ 64,754 തീർത്ഥാടകർക്കും ആരോഗ്യ സേവനം നൽകി. സിപിആർ ഉൾപ്പെടെയുള്ള അടിയന്തര സേവനം നൽകി മരണനിരക്ക് പരമാവധി കുറയ്ക്കാനായി. മികച്ച ആരോഗ്യ സേവനം നൽകിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.നിസാര രോഗങ്ങൾ മുതൽ ഹൃദയാഘാതം പോലെ ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് വരെ ചികിത്സ നൽകി. ശബരിമല യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന 206 പേരുടെ ജീവൻ രക്ഷിച്ചു. സമയബന്ധിതമായ ചികിത്സയിലൂടെ ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവൻ രക്ഷിക്കാനായി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പേർക്ക് ഹൃദയാഘാതം ഇത്തവണ വന്നെങ്കിലും അതിനേക്കാൾ കൂടുതൽ പേരെ രക്ഷപ്പെടുത്താനായി. 131 പേർക്ക് അപസ്മാരത്തിന് ചികിത്സ നൽകി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 891 പേരെ എമർജൻസി മെഡിക്കൽ സെന്ററുകളിൽ നിന്നും ശബരിമലയിലെ മറ്റ് ആശുപത്രികളിലേക്കും 834 പേരെ ശബരിമല ആശുപത്രിയിൽ നിന്നും മറ്റാശുപത്രികളിലേക്കും റഫർ ചെയ്തു.ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ആരോഗ്യ സേവനങ്ങളാണ് ഒരുക്കിയത്. പമ്പയിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിച്ചു. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഉറപ്പാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കി. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജിലും തീർത്ഥാടകർക്കായി പ്രത്യേകം കിടക്കകൾ ക്രമീകരിച്ചിരുന്നു. ഇതോടൊപ്പം തീർത്ഥാടകർ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലും കിടക്കകൾ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. വിവിധ ഭാഷകളിൽ ശക്തമായ ബോധവത്ക്കരണം നൽകി.ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ആയുഷ് വിഭാഗത്തിൽ നിന്നുള്ള സേവനവും ഉറപ്പാക്കി. കനിവ് 108 ഉൾപ്പെടെ വിപുലമായ ആംബുലൻസ് സേവനം ഒരുക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *