സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി.കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സിപിഎം ശബരിമല സ്വര്‍ണ്ണക്കൊള്ള നടത്തി ജയില്‍ കഴിയുന്ന പത്മകുമാറിനും വാസുവിനും എതിരെ ഒരു നോട്ടീസ് പോലും നല്കാന് തയ്യാറാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കുക, മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിസിസി നടത്തിവരുന്ന തുടര്‍സമരങ്ങളുടെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സിപിഎം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പിന്റെ സത്യങ്ങള്‍ തുറന്ന് പറഞ്ഞ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ജയില്‍ കഴിയുന്ന മുന്‍ എംഎല്‍എ എ.പത്മകുമാറിനെയും മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസുവിനെും ഇപ്പോഴും സംരക്ഷിക്കുകയാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുപറ്റിയ സിപിഎം നേതാക്കളെ കുറിച്ച് തുറന്ന് പറയുമെന്ന ഭയത്താലാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തത്. ഭരണതലത്തില്‍ ഒരു സ്വാധീനവുമില്ലാത്ത അടൂര്‍ പ്രകാശിനെ ഈ വിഷയത്തില്‍ ബന്ധപ്പെടുത്തി ജനശ്രദ്ധ തിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എസ് ഐ ടി അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും ശേഷിക്കുന്ന ഉന്നതരായ പ്രതികളെ പിടിക്കാന്‍ പിണറായി വിജയന്റെ ആഭ്യന്തരവകുപ്പ് അറച്ചു നില്ക്കുന്നു. മുന്‍മന്ത്രി കടകംപള്ളിയേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും രഹസ്യമായിട്ടാണ് ചോദ്യം ചെയ്തത്. നഷ്ടപ്പെട്ട സ്വര്‍ണ്ണം എത്ര, എവിടെ എന്നത് കണ്ടെത്താനും അത് കോടതിയില്‍ ഹാജരാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. കൃത്യമായി തെളിവ് ശേഖരിക്കാതെ പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം നല്‍കുകയാണ് എസ് ഐ ടി. ഒടുവില്‍ കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ല. ചില പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ട് പോലും ജാമ്യം ലഭിച്ചില്ല. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് മൂലം ഈ കേസിലെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് സാഹചര്യം ഒരുക്കിയതും എസ് ഐടിയാണ.് ഇത് അന്വേഷണത്തിന്റെ പോരായ്മയാണ്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റി കടകംപള്ളി സുരേന്ദ്രനുമായി അടുത്തബന്ധമുള്ള വ്യക്തിയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി പോറ്റിയെ ശബരിമലയിലേക്ക് കയറ്റിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശബരിമലയിലെ സ്വര്‍ണ്ണം പൂശാന്‍ പുറത്ത് കൊണ്ടുപോയതില്‍ അടിമുടി ദുരൂഹതയുണ്ട്. അവിടെത്തെ യഥാര്‍ത്ഥ ദ്വാരപാലക ശില്‍പ്പം കോടിക്കണക്കിന് രൂപയ്ക്ക് കോടിശ്വരന്മാര്ക്ക് വിറ്റു. അതേ നിഗമനത്തിലാണ് കോടതിയും എത്തിയത്. ഇക്കാര്യത്തില്‍ കടകംപള്ളി സുരേന്ദ്രന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തനിക്കെതിരെ 2 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്കി. താന്‍ ആ നിലപാടില്‍ ഉറച്ച് നിന്നപ്പോള്‍ കടകംപള്ളി സുരേന്ദ്രന് മാനനഷ്ടക്കേസിന്റെ തുക പത്തുലക്ഷമാക്കി. എന്നിട്ട് ചില മാധ്യമങ്ങള്‍ താന്‍ കോടതിയില്‍ കടകം മറിഞ്ഞെന്ന് വാര്‍ത്ത നല്കി. മാധ്യമങ്ങളെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും വിഡി സതീശന് പറഞ്ഞു.
എസ് ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വലിയ സമ്മര്‍ദ്ദമുണ്ട്. അതിനാലാണ് മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്. ഇതേ രീതിയില്‍ ഇപ്പോള്‍ അകത്തുകിടക്കുന്ന മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരാനാണ് നീക്കം. ശബരിമലയില്‍ ഇപ്പോഴുള്ളത് വ്യാജ ദ്വാരപാലക ശില്‍പ്പമാണ്. അതില്‍ സ്വര്‍ണ്ണം പൂശി തട്ടിപ്പ് നടത്താനാണ് ദേവസ്വം പ്രസിഡന്റായിരുന്ന പിഎസ് പ്രശാന്തും മന്ത്രി വാസവനും ശ്രമിച്ചതെന്നും വിഡി സതീശന് പറഞ്ഞു.
കെപിസിസി മുന്‍ പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല,കെ മുരളീധരന്, എംഎം ഹസന്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ് എന്നിവരും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, നെയ്യാറ്റിന്‍കര സനല്‍, വിഎസ് ശിവകുമാര്‍,എംഎ വാഹിദ്, എന്‍.ശക്തന്, പാലോട് രവി, ശരത് ചന്ദ്രപ്രസാദ്, പന്തളം സുധാകരന്, ചെറിയാന് ഫിലിപ്പ്,ആര്.ലക്ഷ്മി, സജീവ് ജോസഫ്,കെപിസിസി ഭാരവാഹികള്‍,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തു. പതിമൂന്ന് ജില്ലകളില്‍ കളക്ട്രേറ്റുകളുടെ മുന്നിലും വിശ്വാസ സംരക്ഷണ സംഗമങ്ങളും മാര്‍ച്ചും നടന്നു.