ഫെബ്രുവരി 1 ഞായറാഴ്ച ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റ് അവതരിപ്പിക്കും.
ധനകാര്യ മാനേജ്മെന്റും സാമ്പത്തിക ഉൾപ്പെടുത്തലും എല്ലാ മേഖലയിലും അത്യന്താപേക്ഷിതമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ്.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും വളർച്ച പ്രതീക്ഷിക്കുന്ന സമ്പദ്ഘടന എന്ന നിലയിൽ, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്തെ സാമ്പത്തിക രംഗം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 53 കോടിയിലധികം ആളുകൾ ജൻ ധൻ അക്കൗണ്ടുകൾ ആരംഭിച്ചതും ഡിജിറ്റൽ പേയ്മെന്റുകളുടെ ഗണ്യമായ വളർച്ചയും ഇതിന് തെളിവാണ്. ഗുണനിലവാരം ഉറപ്പാക്കി സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതിനാണ് ഇനിയുള്ള ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത്.
സ്ത്രീ സംരംഭകർക്കുൾപ്പെടെ കുറഞ്ഞ നിരക്കിൽ വായ്പകൾ അനുവദിക്കുന്ന ചെറുകിട വായ്പാ മേഖല അടുത്തകാലത്തായി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തികവർഷത്തിന്റെ അവസാനം 61000 കോടി രൂപയുടെ നിഷ്ക്രിയ ആസ്തികളാണ് മൈക്രോ ഫിനാൻസ് മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം വായ്പയുടെ 16 ശതമാനം വരുമിത്. 2025ൽ മൈക്രോ വായ്പകളുടെ വിതരണത്തിൽ ഏകദേശം 15.5 ശതമാനത്തിന്റെ കുറവുണ്ടായി. സെപ്റ്റംബർ മാസത്തെ കണക്കുകൾപ്രകാരം, 3.42 ലക്ഷം കോടിരൂപ മാത്രമേ മൈക്രോ വായ്പയായി ധനകാര്യസ്ഥാപനങ്ങൾ വിതരണം ചെയ്തിട്ടുള്ളു. വായ്പാ വിതരണത്തിലെ കുറവ് ചെറുകിട സംരംഭക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മൈക്രോ ഫിനാൻസ് മേഖലയ്ക്കും സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും മാത്രമായി 20000 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം അനുവദിക്കുന്നതിലൂടെ ഈ പ്രതിസന്ധി ഒരുപരിധിവരെ മറികടക്കാമെന്നാണ് കരുതുന്നത്. ഇത്തരമൊരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിലൂടെ ധനകാര്യസ്ഥാപനങ്ങൾക്ക് ആശങ്കകളില്ലാതെ വായ്പകൾ അനുവദിക്കാനാകും. കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലെ ചെറുകിട വായ്പാ മേഖലയെ ശക്തിപ്പെടുത്താനും പ്രത്യേക സാമ്പത്തിക പാക്കേജിലൂടെ കഴിയും.
ഭവന നിർമാണം, എംഎസ്എംഇകൾ, കാർഷിക മേഖല എന്നിവയ്ക്കും ബജറ്റിൽ മുൻഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭവന നിർമാണത്തിന് ചെലവ് കുറയുന്നതും ചെറുകിട സംരംഭകർക്ക് പണലഭ്യത ഉറപ്പാക്കുന്നതും ആളുകളുടെ വരുമാന സ്ഥിരതയും, ആസ്തി വികസനവും, ദീർഘകാലത്തേക്കുള്ള സാമൂഹിക- സാമ്പത്തിക നേട്ടങ്ങളും വർധിപ്പിക്കും. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ഈ മേഖലകളിൽ ശ്രദ്ധ ചെലുത്തണം. വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനും പലിശ നിരക്ക് കുറയ്ക്കുന്നതിനും കടമെടുപ്പ് പരിമിതപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുകടവും ജിഡിപിയും തമ്മിലുള്ള അനുപാതം നിലവിലെ 56 ശതമാനത്തിൽനിന്ന് 2031-ഓടെ 50 ശതമാനമാക്കി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക്, കടമെടുപ്പ് കുറയ്ക്കുന്നത് സഹായകരമാകും. സാമ്പത്തിക അച്ചടക്കത്തോടെയുള്ള ധനവിനിയോഗവും മൈക്രോ ഫിനാൻസ് മേഖലയുടെ പുനരുജ്ജീവനവും രാജ്യത്തെ ശരിയായ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ട്. അതിനാൽ, സുസ്ഥിര സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന ഗ്യാരണ്ടി സ്കീമുകൾ ഇത്തവണത്തെ ബജറ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(കേരളം ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമാണ് ലേഖകൻ)
Ajith V Raveendran