കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം(28.1.26)
വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത ചേര്‍ന്ന കേരള പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയുടെ യോഗം കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും ചുമതലപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,കണ്ണൂര്‍,കാസര്‍ഗോഡ്,മലപ്പുറം,വയനാട് ജില്ലകളിലെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, എംഎല്‍എമാര്‍, പോഷകസംഘടനകളുടെ അധ്യക്ഷന്‍മാര്‍ എന്നവരുമായി ചര്‍ച്ച നടത്തി.കോട്ടയം,എറണാകുളം,ആലപ്പുഴ ജില്ലകളിലെ നേതാക്കളുമായി വ്യാഴാഴ്ച ആശയവിനിമയം നടത്തും. പാര്‍ട്ടി ഘടകങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമത് എഐസിസി സ്‌ക്രീനിങ് കമ്മിറ്റിയില്‍ അവതരിപ്പിക്കും. സ്‌ക്രീനിങ് കമ്മിറ്റി ഹൈക്കമാന്‍ഡിന് സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും. അത് എത്രയും വേഗത്തില്‍ നല്‍കാനുള്ള നടപടികളുടെ ഭാഗമായാണ് ജില്ലികളിലെ നേതാക്കളുമായി ആശയവിനിമയം നടത്തുന്നത്.
സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തീരുമാനിക്കുന്നത് എഐസിസിയാണെന്നും അവരുടെ തീരുമാനം വന്നിട്ടില്ലെന്നും എംപിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച മാധ്യമ വാര്‍ത്ത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കെപിസിസി പ്രസിഡന്റ് പറഞ്ഞു. കേരള പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
ജനുവരി 30ന് മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം:
ജനുവരി 30ന് രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനം വിപുലമായി ആചരിക്കുന്നതോടൊപ്പം അന്നേ ദിവസം പഞ്ചായത്തുതലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തും. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10 മുതല്‍ 15 വരെ ഗൃഹസന്ദര്‍ശനം നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 6ന് കാസര്‍ഡോഡ് നിന്ന് ആരംഭിക്കുന്ന പുതുയുഗ സംസ്ഥാന ജാഥയുടെ വിജയത്തിനായി ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കി.
സിപിഎം രക്തസാക്ഷികളുടെ ഫണ്ട് തിരിമറി നടത്തുന്ന പാര്‍ട്ടി:
രക്തസാക്ഷികളുടെ ഫണ്ട് തിരിമറി നടത്തുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന ജില്ലാ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പില്‍ മറുപടി പറയുന്നതിന് പകരം അത് വെളിപ്പെടുത്തിയ വി.കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് സിപിഎം ചെയ്തത്.കൂടാതെ കുഞ്ഞികൃഷ്ണനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസില്‍ സിപിഎം പാര്‍ട്ടിയെ 69-ാം പ്രതിയായി പട്ടികയില്‍ ചേര്‍ത്തത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. ഇതില്‍ സിപിഎം നേതൃത്വം മറുപടി പറയണം. സാമ്പത്തിക കാര്യങ്ങളില്‍ സിപിഎം എവിടെ നില്‍ക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും പ്രതികളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമം. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികളെ സംരക്ഷിക്കനാണെന്ന് ഹൈക്കോതി പോലും സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.