രാജ്യത്തിന്റെ ആഗോള വ്യാപാര മേഖലയിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ യാഥാർഥ്യമാകുന്നതെന്ന് സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ. മത്സരാധിഷ്ഠിതവും വിശ്വാസയോഗ്യവുമായ ആഗോള വ്യാപാര പങ്കാളി എന്നനിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ സഹായിക്കുന്നതാണ് കരാർ.
പ്രധാനമന്തി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ ശ്രമഫലമായാണ് സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായതെന്നും ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വ്യാപ്തിയും മൂല്യവും ആഗോള പ്രശസ്തിയും ഉയർത്തുന്നതിന് വ്യാപാരക്കരാറിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുമെന്നും അഡ്വ. സംഗീത വിശ്വനാഥൻ അറിയിച്ചു.
സുഗന്ധവ്യഞ്ജന മേഖലയെ സംബന്ധിച്ച് ഉൽപന്ന കയറ്റുമതി വൻതോതിൽ വർധിക്കുമെന്നതാണ് നേട്ടം. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ വലിയ വിപണിയാണ് യൂറോപ്യൻ യൂണിയൻ. വിപണി പ്രവേശനം വർധിക്കുന്നതും നയതന്ത്ര സഹകരണം ഉറപ്പാക്കുന്നതും കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും. കയറ്റുമതി വ്യാപാരികൾക്ക് ആത്മവിശ്വാസം നൽകുന്നതോടൊപ്പം മൂല്യവർധിത ഉൽപന്നങ്ങളിലെ നിക്ഷേപം, കാർഷിക- ചെറുകിട സംരംഭ മേഖലയിലെ ശാക്തീകരണം എന്നിവ ഉറപ്പാക്കുന്നതിനും ഏറെ സഹായിക്കുന്നതാണ് പുതിയ കരാർ.
Athulya K R