സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസ് പദ്ധതി തമാശയെന്ന് കെസി വേണുഗോപാല്‍ എംപി

Spread the love

കെസി വേണുഗോപാല്‍ എംപി കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (30.1.26).

കേരള സര്‍ക്കാരിന്റെ പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം – കാസര്‍കോട് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി തമാശയാണെന്നും കേന്ദ്രാനുമതി ലഭിക്കുന്നതിന് മുന്‍പായാണ് ഇത് പ്രഖ്യാപിച്ചതെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

നേരത്തെ കേന്ദ്ര അനുമതി ലഭിക്കുന്നതിന് മുന്‍പെ കെ-റെയില്‍ പ്രഖ്യാപിച്ചു. വികസനം നടത്തുന്നു എന്ന് പ്രഖ്യാപനം നടത്തിയിട്ട് കാര്യമില്ല. ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ ജനം അതില്‍ വീഴുമെന്നത് തെറ്റിധാരണയാണ്. കൃത്യമായ ഗൃഹപാഠം നടത്തിയിട്ട് വേണം വികസന പദ്ധതികള്‍ നടപ്പാക്കാന്‍. ഹൈ സ്പീഡ് റെയില്‍വേ വരാന്‍ പോകുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി എന്നും കേട്ടപ്പോള്‍ തന്നെ ബജറ്റില്‍ പ്രഖ്യാപനം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയിട്ടുള്ളതാണ്. വന്‍കിട പദ്ധതികളും ക്ഷേമ പദ്ധതികളും ഉണ്ടാകണമെങ്കില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനങ്ങളോട് ആത്മാര്‍ത്ഥയുള്ള സര്‍ക്കാര്‍ കേരളത്തിലുണ്ടാകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഇടതുമുന്നണിയുടെ പ്രകടനപത്രിക എന്നതിനപ്പുറം ബജറ്റിന് ഒരു പ്രധാന്യവുമില്ല.അഞ്ചു വര്‍ഷം മുന്‍പ് അവര്‍ ഇറക്കിയ പ്രകടനപത്രികയില്‍ 2500 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. അത് നല്‍കാത്ത അവര്‍ ഇപ്പോള്‍ ഈ ബജറ്റിലൂടെ മറ്റൊരു പ്രകടനപത്രിക കൂടി പുറത്തിറക്കി എന്നതിനപ്പുറം ഇതില്‍ എന്താണ് കാര്യമുള്ളതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. ഇത് വെറും പൊള്ളയായ ബജറ്റാണ്. ബജറ്റിലൂടെ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുള്ള ഒരു പ്രകടനപത്രിക ബജറ്റിലൂടെ റിലീസ് ചെയ്യുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ശമ്പള പരിഷ്‌കരണം നടപ്പിലാക്കണം എന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ അതിന്റെ നടപടിക്രമങ്ങളെങ്കിലും പൂര്‍ത്തിയാക്കിയിട്ട് വേണമായിരുന്നു അത് പ്രഖ്യാപിക്കാന്‍. അടുത്ത സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്. എം.സി. റോഡ് നാലുവരി പാതയാക്കുമെന്ന് നാലു വര്‍ഷം മുന്‍പും ഇതേപോലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നാലു കൊല്ലം മുന്‍പ് പ്രഖ്യാപിച്ച അതേ കാര്യം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും പ്രഖ്യാപിക്കുകയാണ്. ഇത്തരം പ്രഖ്യാപനങ്ങളില്‍ ഒരു പുതുമയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസാണ്. ജനങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കുന്നു.തൊഴിലുറപ്പ് പദ്ധതി ജനങ്ങളുടെ അവകാശമാക്കിയത് യു.പി.എ സര്‍ക്കാരാണ്. വിവരാവകാശം നിയമം പിന്‍വലിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു വാദം. ജനങ്ങള്‍ക്ക് വിവരം അറിയാനുള്ള അവകാശം നല്‍കിയതാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം എന്നാണ് ഇക്കണോമിക് സര്‍വേയില്‍ പറഞ്ഞിരിക്കുന്നത്. ഇത് അടിസ്ഥാനരഹിതമായ കണ്ടെത്തലാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ ശശി തരൂരുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും ശശി തരൂര്‍ തന്നെ അത് നിഷേധിച്ചിട്ടും മാധ്യമങ്ങള്‍ നിലപാട് മാറ്റുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി കെസി വേണുഗോപാല്‍ പറഞ്ഞു. വടക്കേ മലബാറിലെ ചൊല്ലുപോലെ ‘കൊല്ലാതെ കൊന്നത് നീയെ ചാപ്പാ, എന്നെ കൊല്ലിച്ചത് നീയെ ചാപ്പാ’ എന്നതാണ് മാധ്യമങ്ങളുടെ അവസ്ഥ. ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വളരെ സജീവമായി, ശക്തമായി പാര്‍ട്ടി നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഉണ്ടാകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവരെ 51 വെട്ടു വെട്ടി കൊന്നു തീര്‍ക്കുക എന്നുള്ളതല്ല കോണ്‍ഗ്രസ് ശൈലി. എതിരഭിപ്രായങ്ങളെ സ്വീകരിച്ച്, അതില്‍ നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക, വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് കോണ്‍ഗ്രസിന്റെ ശൈലി. അതല്ലാതെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുറന്ന് പറഞ്ഞ വി.കുഞ്ഞികൃഷ്ണനെ സിപിഎം കൈകാര്യം ചെയ്തത് പോലെ കോണ്‍ഗ്രസ് ചെയ്യാറില്ല. പാര്‍ട്ടി അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ അതിന്റെ കാരണം ചോദിച്ച് മനസിലാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രമാണ് പാര്‍ട്ടി ഏതെങ്കിലും അച്ചടക്ക നടപടി എടുക്കാറുള്ളുവെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
———

 

Author

Leave a Reply

Your email address will not be published. Required fields are marked *