നെഗറ്റീവ് പ്രചരണം നടത്തി എ.കെ.ജി സെന്ററും മന്ത്രിയുടെ ഓഫീസും എന്നെ ഇങ്ങനെ സഹായിക്കരുത് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (30/01/2026).

നെഗറ്റീവ് പ്രചരണം നടത്തി എ.കെ.ജി സെന്ററും മന്ത്രിയുടെ ഓഫീസും എന്നെ ഇങ്ങനെ സഹായിക്കരുത്; എന്നേക്കാള്‍ നിലവാരവും സംസ്‌കാരവുമുള്ള മന്ത്രിയുമായി മത്സരിക്കാനില്ല; എല്‍.ഡി.എഫിന്റെ ചങ്ക് തുളച്ചു പോകുന്ന പൊളിറ്റിക്കല്‍ നറേറ്റീവ്‌സില്‍ നിന്നും വഴി തെറ്റിക്കാനുള്ള പിച്ചലും തോണ്ടലുമായി ആരും വരേണ്ട; നൂറ് സീറ്റിലധികം നേടി യു.ഡി.എഫിനെ തിരിച്ച് കൊണ്ട് വരാനുള്ള പോരാട്ടത്തില്‍ ശശി തരൂര്‍ മുന്‍നിരയിലുണ്ടാകും.

തിരുവനന്തപുരം : എ.കെ.ജി സെന്ററില്‍ ഇരുന്ന് ഒരാളുടെ നേതൃത്വത്തിലും മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇരുന്ന് അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ നേതൃത്വത്തിലും വ്യാപകമായി എനിക്കെതിരെ വ്യക്തിപരമായ പ്രചരണങ്ങള്‍ നടത്തുകയാണ്. താങ്കളാണല്ലോ സോഷ്യല്‍ മീഡിയിയില്‍ ഏറ്റവും കൂടുതല്‍ പ്രസന്‍സ് എന്ന് ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു. പക്ഷെ അത് ഞങ്ങള്‍ ചെയ്യുന്നതല്ല, ശത്രുക്കള്‍ പ്രസന്‍സ് ഉണ്ടാക്കിത്തരുന്നതാണ്. 20 കാര്‍ഡ് എ.കെ.ജി സെന്ററില്‍ നിന്നും പത്ത് കാര്‍ഡുകള്‍ മന്ത്രിയുടെ അടുത്ത് നിന്നും വരികയാണ്. എന്നെ ഇങ്ങനെ

സഹായിക്കല്ലേയെന്നാണ് വിനയപൂര്‍വമായ അഭ്യര്‍ത്ഥന. നെഗറ്റീവ് ആണെങ്കിലും എന്നെ മാത്രമെ കാണുന്നുള്ളൂ. എന്തെല്ലാമാണ് പറയുന്നത്. ദുഷ്പ്രചരണം നടത്തുകയാണ്. അതിനു വേണ്ടി എന്നെ തോട്ടിയിട്ട് പിടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിലൊന്നും വീഴില്ല. അദ്ദേഹവുമായി മത്സരിക്കാന്‍ ഞാനില്ല. അദ്ദേഹം വലിയ ആളാണ്. എനിക്ക് സംസ്‌ക്കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് വളരെയധികം സംസ്‌കാരവും നിലവാരവും ഉണ്ടെന്നതില്‍ എനിക്ക് തര്‍ക്കമില്ല. ഞാന്‍ അദ്ദേഹത്തേക്കാള്‍ നിലവാരം കുറഞ്ഞ ആളാണ്. ഞാന്‍ നിലവാരം കുറഞ്ഞ ആളാണെന്നു പറഞ്ഞാണല്ലോ വെല്ലുവിളി. അദ്ദേഹത്തിന് എന്നേക്കാള്‍ നിലവാരവും സംസ്‌ക്കാരവും ഉള്ളയാളാണ്. ഞാന്‍ തര്‍ക്കിക്കാനോ വഴക്കിടാനോ ഇല്ല. കാരണം ഈ തിരഞ്ഞെടുപ്പില്‍ പൊളിറ്റിക്കല്‍ നറേറ്റീവ്‌സ് ഉണ്ട്. അത് എല്‍.ഡി.എഫിന്റെ ചങ്ക് തുളച്ചു പോകുന്ന പൊളിറ്റിക്കല്‍ നറേറ്റീവ്‌സ് ഉണ്ട്. ആ വിഷയത്തില്‍ നിന്നും ഒരാളും വഴി തെറ്റിച്ച് കൊണ്ടു പോകാന്‍ നോക്കേണ്ട. ആ വിഷയം വരും. വന്നുകൊണ്ടിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കുറ്റപത്രമായിരുന്നു തിരഞ്ഞെടുപ്പിലെ അജന്‍ഡ. ഈ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം അവതരിപ്പിക്കുന്ന വിഷയങ്ങളായിരിക്കും പൊളിറ്റിക്കല്‍ അജന്‍ഡ. അതായിരിക്കും ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. അതില്‍ നിന്നും വഴിമാറ്റി കൊണ്ടു പോകാനാണ് ഈ തോണ്ടലും പിച്ചലും തോട്ടിയിട്ട് വലിക്കലും. അതിലൊന്നും ഞങ്ങള്‍ വീഴില്ല. എല്ലാത്തിനും നിയമസഭയില്‍ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്.

ശശി തരൂര്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ സജീവമാണ്. അക്കാര്യം ഞാന്‍ തന്നെ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തന്റെ മുഖം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഉണ്ടാകും. ശശി തരൂര്‍ വിശ്വപൗരനും കോണ്‍ഗ്രസിന്റെ അഭിമാനവുമാണ്. അദ്ദേഹം ലോകം അറിയപ്പെടുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന വലിയൊരു സമൂഹം കേരളത്തിലെ ജനങ്ങള്‍ക്കിടയിലുണ്ട്. അവര്‍ക്കിടയിലേക്ക് യു.ഡി.എഫിന് പിന്തുണയുമായി അദ്ദേഹം വരികയാണ്. എല്‍.ഡി.എഫ് ക്യാമ്പില്‍ നിന്നും പ്രചരിപ്പിച്ച വാര്‍ത്തകള്‍ക്കൊന്നും അടിസ്ഥാനമില്ല. യു.ഡി.എഫിനെ നൂറ് സീറ്റിലധികം വാങ്ങി തിരിച്ച് കൊണ്ട് വരാനുള്ള ഞങ്ങളുടെ പോരാട്ടത്തില്‍ ഞങ്ങളുടെ അഭിമാനമായ ശശി തരൂരും മുന്‍നിരയിലുണ്ടാകും. വിസ്മയങ്ങള്‍ വരാന്‍ ഇനിയും സമയമുണ്ടല്ലോ?

Author

Leave a Reply

Your email address will not be published. Required fields are marked *