പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (31/01/2026).
റെയില്‍വെ പ്രഖ്യാപിച്ച അതിവേഗ ട്രെയിന്‍ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രിക്ക് പറയാം, പക്ഷെ പ്രതിപക്ഷ നേതാവ് പറയാന്‍ പാടില്ലെന്നതാണ് സി.പി.എം നിലപാട്; കേരളത്തിന് നല്ലത് വരുത്തുന്ന ഏത് കാര്യത്തെയും പിന്തുണയ്ക്കും; പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്ന ഗെയ്ല്‍ പദ്ധതി ഭൂമിയ്ക്കടിയിലെ ബോംബാണെന്ന് പറഞ്ഞ് സമരം നടത്തിയ ആളാണ് വ്യവസായ മന്ത്രിയെന്നത് മറക്കേണ്ട; കുറ്റപത്രം നല്‍കാതെ ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതികളെ പുറത്തിറക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പണിക്ക് എസ്.ഐ.ടി വഴങ്ങരുത്.
തിരുവനന്തപുരം : ഡി.പി.ആര്‍ കണ്ടതുകൊണ്ടും കേരളത്തില്‍ പാരിസ്ഥിതിക ദുരന്തം ഉണ്ടാക്കുമെന്നും മനസിലാക്കിയാണ് കെ- റെയിലിനെ യു.ഡി.എഫ് എതിര്‍ത്തത്. കേന്ദ്രം പദ്ധതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ക്കുന്നില്ലെന്നും പദ്ധതി എന്താണെന്ന് നോക്കട്ടെയെന്നും പറഞ്ഞു. ഞാന്‍ അത് പറഞ്ഞതിന്റെ പിറ്റേദിവസം, സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ എതിര്‍ത്തെന്നും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ അനുകൂലിച്ചെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം. പദ്ധതി പ്രഖ്യാപിച്ചത് റെയില്‍വെയാണ്. അവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം. ഇ. ശ്രീധരനെ പോലുള്ള ഒരാളാണ് അതിനെ കുറിച്ച് പറഞ്ഞത്. ആ പദ്ധതി വന്നിട്ട് നോക്കാം എന്നാണ് പറഞ്ഞത്. അതില്‍ വ്യവസായ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എന്തൊക്കെയാണ് പറഞ്ഞത്. ഇ ശ്രീധരന്‍

മുന്നോട്ട് വച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രിക്ക് പറയാം, പ്രതിപക്ഷ നേതാവിന് പറയാന്‍ പാടില്ല. ഇപ്പോള്‍ ഇ. ശ്രീധരനെ പിടിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇ. ശ്രീധരനെ മെട്രോയില്‍ നിന്നും മാറ്റാന്‍ പോകുന്നെന്ന് പറഞ്ഞ് സമരം ചെയത ആളുകളാണ് ഇവര്‍. ശ്രീധരനെ മാറ്റാന്‍ പോകുന്നു എന്നത് ഇതേ വ്യവസായ മന്ത്രി തന്നെ ഉണ്ടാക്കിയ കഥയാണ്. അദ്ദേഹം തന്നെയാണ് സമരം നടത്തിയത്. ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല. എന്താണ് കാരണമെന്ന് അറിയില്ല. ഇതൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല. കേരളത്തില്‍ അതിവേഗ 
ട്രെയിന്‍ കൊണ്ടു വരുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ പാരിസ്ഥിതികമായ പരിശോധനകള്‍ നടത്തി കേരളത്തിന് താങ്ങാന്‍ പറ്റുന്ന പദ്ധതികളാണ് വരേണ്ടത്. പത്ത് വര്‍ഷം കഴിഞ്ഞ് പോകുന്ന പോക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ അതിവേഗ റെയില്‍ പാതയെ കുറിച്ച് പറയുന്നത്. അത് എന്ത് പദ്ധതിയാണെന്ന പ്രരംഭ പഠനം പോലും നടത്താതെയാണ് പ്രഖ്യാപിച്ചത്. ഏത് നല്ല പദ്ധതി ആര് കൊണ്ടു വന്നാലും പിന്തുണയ്ക്കും. കേരളത്തിന് നല്ലത് വരുത്തുന്ന ഏത് കാര്യത്തെയും പിന്തുണയ്ക്കും.
സ്പ്രിങ്കളര്‍ കേസ് ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണ്. നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാണ് അതിലെ കുഴപ്പങ്ങള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. ഒരു കുഴപ്പവും ഇല്ലെങ്കില്‍ എന്തിനാണ് ഇട്ടിട്ട് ഓടിയത്. പ്രതിപക്ഷം പറഞ്ഞാല്‍ ഇട്ടിട്ട് ഓടുന്ന ധൈര്യം മാത്രമെയുള്ളോ? ഞാന്‍ അങ്ങനെ കരുതുന്നില്ല. ആരോഗ്യ ഡാറ്റ കൈകാര്യം ചെയ്യേണ്ട ഏജന്‍സിയല്ല സ്പ്രിങ്കളര്‍ എന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഇട്ടിട്ട് പോയ പദ്ധതിയെ കുറിച്ച് കോടതിക്ക് എന്ത് പറയാന്‍ പറ്റും. കോടതികളില്‍ അനുകൂലമായും പ്രതികൂലമായും നടപടികള്‍ ഉണ്ടാകും. കോടതി നടപടി എടുത്തത് കൊണ്ടാണ് അയ്യപ്പന്റെ സ്വര്‍ണം കട്ട മൂന്ന് സി.പി.എം നേതാക്കള്‍ ജയിലില്‍ കിടക്കുന്നത്. അതിനെപ്പറ്റി ഒന്നും പറയാനില്ലേ? കെ-ഫോണും എ.ഐ ക്യാമറ കേസും പദ്ധതി പൂര്‍ത്തിയായതു കൊണ്ട് പ്രസക്തല്ലെന്നാണ് കോടതി പറഞ്ഞത്. അല്ലാതെ ആരോപണങ്ങള്‍ തെറ്റാണെന്ന് കോടതി പറഞ്ഞിട്ടില്ല. പബ്ലിസിറ്റിയാണെങ്കില്‍ കേസ് ഫയലില്‍ സ്വീകരിക്കേണ്ട കാര്യമില്ല. കേസുള്ളതു കൊണ്ട് പണം നല്‍കുന്നതും തടഞ്ഞുവച്ചു. 20 ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കുമെന്ന് പറഞ്ഞ് ആരംഭിച്ച കെ ഫോണില്‍ എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കി. കണക്ഷന്‍ ലഭിച്ച ഓഫീസുകള്‍ അത് വേണ്ടെന്ന് പറയുകയാണ്. കേരളത്തിന്റെ ഖജനാവില്‍ നിന്നും കോടികള്‍ നഷ്ടപ്പെടുത്തിയ പദ്ധതിയാണ് കെ-ഫോണ്‍. അത് പിന്നീട് തെളിയും. മന്ത്രി പി. രാജീവ് എന്തെല്ലാം പറയുന്നു. പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്ന ഗെയ്ല്‍ പദ്ധതി ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ ഭൂമിയ്ക്കടിയിലെ ബോംബാണെന്ന് പറഞ്ഞ് സമരം നടത്തിയ ആളാണ് കേരളത്തിന്റെ വ്യവസായ മന്ത്രി. അത് മറക്കണ്ട.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സുപ്രീം കേടതിയും ഹൈക്കോടതിയും ജാമ്യം നല്‍കാത്ത പ്രതികള്‍ക്ക് കുറ്റപത്രം നല്‍കാതെ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. കുറ്റപത്രം നല്‍കാതെയും വൈകിപ്പിച്ചും പ്രതികളെ പുറത്തിറക്കാനുള്ള പണിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തിന് എസ്.ഐ.ടി വഴങ്ങരുത്. അതാണ് കോടതിയും ചൂണ്ടിക്കാട്ടിയത്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്നത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇല്ലാതാക്കും. എല്ലാം അടിച്ചു മാറ്റിയതാണ്. ഒരിക്കല്‍ അടിച്ചു മാറ്റിയത് ആരും അറിഞ്ഞില്ലെന്ന് കണ്ടപ്പോള്‍ വീണ്ടും അടിച്ചുമാറ്റാന്‍ വാസവന്‍ മന്ത്രിയും പ്രശാന്ത് പ്രസിഡന്റുമായിരുന്ന കാലത്ത് ഒരു ശ്രമം കൂടി നടത്തയെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ആ കോടതി വിധിയൊക്കെ വളരെ പ്രധാനപ്പെട്ടതാണ്.

ശിവന്‍കുട്ടിയുമായി ഒരു തര്‍ക്കത്തിനോ സംവാദത്തിനോ ഇല്ല. അദ്ദേഹത്തെ പോലെ മഹാനായ ഒരാളുടെ വെല്ലുവിളി താങ്ങാനുള്ള പ്രാപ്തി എനിക്കില്ല. അദ്ദേഹം വളരെ വലിയ ആളാണ്. സംസ്‌കാര സമ്പന്നനും നിലവാരമുള്ള ആളുമാണ്. എനിക്ക് അതെല്ലാം കുറവാണ്. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞതൊക്കെ തെറ്റാണെന്ന് ഇനി അദ്ദേഹത്തിന് പറയാന്‍ പറ്റില്ലല്ലോ. എന്നേക്കാള്‍ നിലവാരവും സംസ്‌കാരവും കൂടുതലുള്ള വളരെ മഹാനായ അദ്ദേഹം എന്നെ വെല്ലുവിളിച്ചാല്‍ അത് സ്വീകരിക്കാനുള്ള ആരോഗ്യം എനിക്കില്ല. ഞാന്‍ ഏറ്റുമുട്ടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഞാന്‍ ഏറ്റുമുട്ടലിനില്ല. എല്ലാം കേരത്തിലെ ജനങ്ങള്‍ക്ക് അറിയാം. ജനങ്ങള്‍ ഇതൊക്കെ നോക്കിക്കാണുകയാണ്. 25 വര്‍മായി പറവൂരില്‍ എം.എല്‍.എയായിരിക്കുന്ന എന്നെ നേമത്തേക്ക് മത്സരിക്കാന്‍ വെല്ലുവിളിക്കുന്നതിലൂടെ ഞാന്‍ അതിന് മറുപടി പറയുമെന്നും അത് കുറെ ദിവസം ആഘോഷിക്കുന്നതിലൂടെ കേരളം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുമെന്നുമാണ് ചിലര്‍ കരുതുന്നത്. ഇത് അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന് ഞാന്‍ കരുതുന്നില്ല. എ.കെ.ജി സെന്ററിലും മന്ത്രിയുടെ വീട്ടിലും ഇരുന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തുന്ന സി.പി.എം നേതാക്കളുടെ ബുദ്ധിയില്‍ ഞാന്‍ വീഴില്ല.