അഞ്ചാം ലോക കേരള സഭാ സമ്മേളനത്തിൽ പ്രവാസി പ്രതിനിധികൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകുന്നതിനായി പ്രത്യേക സ്റ്റാൻഡിങ് കമ്മിറ്റിയെ നിയോഗിച്ചു. നോർക്ക റൂട്ട്‌സ് ഡയറക്ടർമാരായ ഒ. വി. മുസ്തഫ, ജെ. കെ. മേനോൻ എന്നിവർ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ പ്രതിനിധി പട്ടികയിൽ ബഹ്റൈനിൽ നിന്ന് പി. വി. രാധാകൃഷ്ണ പിള്ളയും സൗദി അറേബ്യയിൽ നിന്ന് ബഷീർ വരോടും യുഎഇയിൽ നിന്ന് സുബാഷ് ദാസും കുവൈറ്റിൽ നിന്ന് സജി ജനാർദ്ദനനും ഉൾപ്പെട്ടിട്ടുണ്ട്. ഇതര ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പസഫിക് മേഖലയിൽ നിന്നുമായി മലേഷ്യയിൽ നിന്നുള്ള ആത്മേഷൻ പശ്ചാട്ട്, ന്യൂസിലൻഡിൽ നിന്നുള്ള മീര മുരളീധരൻ എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ പ്രവാസി പ്രതിനിധികളായി യുകെയിൽ നിന്നുള്ള ജനേഷും നെതർലൻഡ്സിൽ നിന്നുള്ള നന്ദിത മാത്യൂസും കമ്മിറ്റിയുടെ ഭാഗമാകും.
അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് യുഎസ്എ പ്രതിനിധി ബാബു സ്റ്റീഫൻ, കാനഡയിൽ നിന്നുള്ള സൂരജ് വേണുഗോപാൽ എന്നിവരെയും ആഫ്രിക്കൻ ഭൂഖണ്ഡത്തെ പ്രതിനിധീകരിച്ച് കെനിയയിൽ നിന്നുള്ള ജോലറ്റ് എബ്രഹാമിനെയും നിശ്ചയിച്ചു. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എ.വി. അനൂപ് (തമിഴ് നാട്), ആർ.ഡി. ഹരികുമാർ (മഹാരാഷ്ട്ര) എന്നിവരാണ് പട്ടികയിലുള്ളത്. മടങ്ങി വന്ന പ്രവാസികളുടെ പ്രതിനിധികളായി വെൽഫെയർ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലിസ്, അൻസാദ് അബ്ബാസ്, രാജീവ് വഞ്ചിപ്പാലം എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നോർക്ക വകുപ്പ് സെക്രട്ടറി, ലോക കേരള സഭ ഡയറക്ടർ, നോർക്ക റൂട്ട്‌സ് സി.ഇ.ഒ എന്നിവർ എക്‌സ്-ഒഫിഷ്യോ അംഗങ്ങളായി കമ്മിറ്റിയിൽ പ്രവർത്തിക്കും.