കൊല്ലം : കോവിഡ് തീവ്ര വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ പട്ടിക വര്‍ഗ മേഖലകളില്‍ കോവിഡ് പ്രതിരോധം കൂടുതല്‍ ഫലപ്രദമാക്കാനും ഈ ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിക്കുന്നതിനും ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഈ മേഖലയില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസര്‍ ഏകോപിപ്പിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനും കോവിഡ് പരിശോധന, താമസഭക്ഷണചികിത്സ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, മറ്റ് ആവശ്യമായ ഇടപെടലുകള്‍ എന്നിവയാണ് നോഡല്‍ ഓഫീസറുടെ ചുമതല. ജില്ലാ പ്ലാനിങ്ങ് ഓഫീസറെയാണ് നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുള്ളത്. നോഡല്‍ ഓഫീസര്‍ക്ക് പുറമെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ എന്നിവരടങ്ങിയ സംഘമാണ് ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുക.
ജില്ലയില്‍ കഴിയുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസറെയും നോഡല്‍ ഓഫീസറായി നിയമിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍ കോര്പ്പറേഷന് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനുളള നടപടികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.