ലോക്ക് ഡൗണ്‍: അയല്‍ സംസ്ഥാന തൊഴിലാളികളുടെ ദിവസേനയുളള പോക്കുവരവ് വേണ്ട; മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം

Spread the love

post

ഇടുക്കി : തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്ക്  തടസ്സം വരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ ലോക് ഡൗണിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാം കര്‍ശനമായി ജില്ലയിലും നടപ്പാക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു. ജില്ല കലക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എം പി യുടേയും എം എല്‍ എ മാരുടേയും  കോവിഡ് പ്രതിരോധ താലൂക്ക് -ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഓണ്‍ലൈനായാണ് മന്ത്രി ഇങ്ങനെ നിര്‍ദ്ദേശിച്ചത്.

സംസ്ഥാനത്ത് മെയ് 8 മുതല്‍ 16 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  ജില്ലയിലെ നിയന്ത്രണങ്ങളും മറ്റ് സാഹചര്യങ്ങളും വിലയിരുത്തുന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ  സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണിങ്ങനെ തീരുമാനിച്ചത്.

തോട്ടം മേഖലയിലടക്കം തൊഴിലാളികള്‍ മറ്റു ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി എല്ലാദിവസവും വന്നു പോകുന്ന പതിവ്  അനുവദിക്കേണ്ടന്ന് യോഗം തീരുമാനിച്ചു. അതുകൊണ്ടു അടുത്ത പത്തു ദിവസം അന്യ സംസ്ഥാനത്ത് നിന്ന് ജോലിക്കാരെ അനുവദിക്കുന്നതല്ല. എന്നാല്‍ ലയങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക്  ചെറിയ തോതില്‍ (നിശ്ചിത എണ്ണം തൊഴിലാളികള്‍ മാത്രം) തോട്ടം മേഖലകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കും.

കട്ടപ്പന, മൂന്നാര്‍, തൊടുപുഴ തുടങ്ങി ജില്ലയിലെ തിരക്കേറിയ  മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രാദേശിക തലത്തില്‍ പോലീസിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍  പകുതി കടകള്‍ വീതം തുറക്കാന്‍ അനുവദിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

ആശുപത്രികളില്‍ ആവശ്യത്തിന് ഐസിയു ബെഡ്, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഓരോ ആശുപത്രികളിലും ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഡൊമിസിലറി കെയര്‍ സെന്ററുകള്‍ തുറക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റുക.

ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത് കൂടാതെ സര്‍ക്കാരില്‍ നിന്നും 300 ജമ്പോ സിലിണ്ടറുകള്‍ ജില്ലയിലേക്കെത്തും.15 സാധാരണ സിലിണ്ടറുകള്‍ക്ക് തുല്യമാണ് ഒരു ജമ്പോ സിലണ്ടര്‍. കപ്പല്‍ നിര്‍മാണ ശാലയില്‍ നിന്നും 81 സിലണ്ടര്‍ ഇന്നലെ നിറച്ച് നല്കിയിട്ടുണ്ട്. 150 ഓളം ഇന്ന് ലഭിക്കും. വ്യവസായ ശാലകളില്‍ ഉപയോഗിക്കുന്ന 609 സിലിണ്ടറുകള്‍ കണ്ടെത്തി വെച്ചിട്ടുണ്ട്.  അതില്‍ മുന്നൂറെണ്ണം ആശുപത്രി, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഓക്‌സിജന്‍ സിലണ്ടറാക്കി മാറ്റിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് നിലവില്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ നല്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇനിയും നല്കുമെന്ന് കളക്ടര്‍ പറഞ്ഞു.

അഡ്വ. ഡീന്‍ കുര്യക്കോസ് എംപി,  എംഎല്‍എ മാരായ പി.ജെ ജോസഫ്, റോഷി അഗസ്റ്റിന്‍, എസ് രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, എഡിഎം അനില്‍ കുമാര്‍, ഡിഎംഒ ഡോ. പ്രിയ എന്‍, ആര്‍ഡിഒ അനില്‍ ഉമ്മന്‍ തുടങ്ങി  വിവിധ വകുപ്പ്തല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *