ന്യൂജേഴ്സി: കോവിഡ് മഹാമാരി പടര്‍ന്നതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ കേരള കോവിഡ് വാക്സീന് റിലീഫ് ഫണ്ട് ആരംഭിച്ചു. ഇന്നലെ വൈകുന്നേരം സൂം മീറ്റിംഗിലൂടെ നടന്ന നാഷണല്‍ കമ്മിറ്റിയുടെ പ്രത്യേക മീറ്റിംഗില്‍ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര 5000 ഡോളര്‍ നല്‍കിക്കൊണ്ടാണ് ധനസമാഹരണത്തിനു തുടക്കം കുറിച്ചത്. നാഷണല്‍ കമ്മിറ്റി മീറ്റിംഗില്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ ഏതാനും ചില പ്രത്യേക ക്ഷണിതാക്കളുണ്ടായിരുന്നു.
ഗോ ഫണ്ട് മി മുഖാന്തിരം 30,000 ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനകം വെറും 11 പേരില്‍ നിന്നായി 7600 ഡോളറിനു മുകളില്‍ തുക എത്തിക്കഴിഞ്ഞു.
501-C3 Non Profit സംഘടനായി രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഫൊക്കാന കേരള കോവിഡ് വാക്സീന് ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതായിരിക്കും. സംഭാവന നല്കാന് താല്‍പ്പര്യമുള്ളവര്‍ ഈ ലിങ്കില്‍ കയറി തുക അടക്കയ്ക്കാവുന്നതാണ്: https://gofund.me/5fc55324
ഇന്ത്യയില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ ജന്മ നാടായ കേരളത്തെയും അതി ഭയാനകമായ വിധത്തില്‍ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പ്രതിദിന മരണനിരക്ക് 3400 പരമായി തുടരുമ്പോള്‍ കോവിഡിനെ തുടക്കം മുതല്‍ പിടിച്ചുകെട്ടാന്‍ ഭഗീരഥപ്രയത്നം നടത്തിയ കേരളത്തില്‍ രണ്ടാം തരംഗത്തില്‍ കൈവിട്ടുപോയേക്കുമെന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. കേരളത്തില്‍ ഇതിനകം കോവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലധികമായി.
ഇന്ത്യ മുഴുവനും പ്രതിസന്ധിയിലാക്കിയ ഓക്സിജന്‍ ക്ഷാമത്തെ മറികടക്കാന്‍ പ്രതിസന്ധി കാലഘട്ടത്തില്‍ കേരളത്തിന് കഴിഞ്ഞുവെങ്കിലും ഏതാനും ദിവസങ്ങളായി തുടരുന്ന കോവിഡ് മഹാമാരിയുടെ അതിവ്യാപനം മൂലം ഹോസ്പിറ്റലുകള്‍ നിറഞ്ഞു കവിയുകയാണ്. ഐ.സി.യു. വെന്റ്റിലേറ്ററുകള്‍ എന്നിവ പൂര്‍ണമായും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ് ഏതാനും ദിവസങ്ങളായി കണ്ടു വരുന്നത്. കോവിഡ് മരണനിരക്കും വര്‍ധിച്ചു വരുന്നു. കേരളത്തിലും ഓക്സിജന്‍ ക്ഷാമം ഏതു സമയത്തും ഉടലെടുത്തേക്കാം.
ലോകം മുഴുവനും ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യയിലേക്ക് ഒരുപാട് വിദേശ സഹായങ്ങള്‍ ഒഴുകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവയൊന്നും മതിയാകുമെന്നു തോന്നുന്നില്ല. അതിനിടെയാണ് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്സിന് അമിത വില ഈടാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമുണ്ടായത്. ഈ സഹസാഹര്യത്തിലാണ് നിലവിലുള്ള പ്രതിസന്ധിയെ തരണം ചെയ്യാനായി കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി വാക്സീന് നല്‍കുന്നതിനുള്ള കേരള കോവിഡ് വാക്സീന് ചലഞ്ച് എന്ന യജ്ജത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തുടക്കം കുറിച്ചത്. ലോകം മുഴുവനുമുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശ മലയാളികളില്‍ നിന്ന് വന്‍ തോതിലുള്ള പിന്തുണയാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രകൃതി ദുരന്തമോ മഹാമാരിയോ എന്തുതുമാകട്ടെ കേരളത്തിന്റെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും ജന്മ നാടിനെ അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പാരമ്പര്യമാണ് അമേരിക്കന്‍ മലയാളികള്‍ക്കുള്ളത്. സുനാമി, ഓഖി, രണ്ടു മഹാപ്രളയങ്ങള്‍, നിപ്പ വൈറസ് തുടങ്ങിയ എല്ലാ ദുരന്തങ്ങള്‍ക്കും കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സഹായമെത്തിച്ചത് അമേരിക്കന്‍ മലയാളികളാണ്. മറ്റെല്ലാ ദുരന്തങ്ങളും കേരളത്തിലെ ഭാഗീകമായി പ്രദേശങ്ങളില്‍ മാത്രമാണ് സംഭവിച്ചതെങ്കില്‍ കോവിഡ് മഹാമാരി കേരളമൊട്ടാകെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. നമ്മുടെ ജന്മനാട്ടിലെ സഹോദരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം വേണ്ടി വരുന്ന സാഹചര്യമാണിത്.
കോവിഡ് ക്രമാതീതമായി പടരുന്നതിനെ തുടര്‍ന്ന് കേരളം മുഴുവന്‍ ഇന്നലെ മുതല്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ജനം ഭയാശങ്കയോടെ കഴിയുന്ന ഈ സാഹചര്യത്തില്‍ എല്ലാ സുമനസുകളും ഫൊക്കാന കേരള കോവിഡ് റിലീഫ് ഫണ്ടില്‍ പങ്കാളികളാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ വര്‍ധിച്ചു വരുന്ന കോവിഡ് മഹാമാരി മൂലം നമ്മുടെ സഹോദരങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണുന്നത് ഏറെ വേദനയുളവാക്കിയെന്ന് ധനസമാഹാര പദ്ധതി ഉദ്ഘാടനം ചെയ്ത ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു പറഞ്ഞു. മുഖ്യമന്ത്രിയുടെ കോവിഡ് ചലഞ്ചിലേക്ക് ഫൊക്കാന വഴി നല്ലൊരു തുക നല്കണമെന്നുള്ള ചിന്തയിലാണ് ഈ പരിപാടിയിലേക്ക് ഉദാരമായ സംഭാവന നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിനൊപ്പം എക്കാലവും നിലകൊണ്ടിട്ടുള്ള ഫൊക്കാന ഇക്കുറിയും ലക്ഷ്യം നിറവേറ്റുമെന്നും കോവിഡ് മഹാമാരി മൂലം കേരളത്തില്‍ ഒരാള്‍ പോലും മരിക്കാന്‍ ഇടവരരുത് എന്നാണ് ഫൊക്കാനയുടെ ആഗ്രഹമെന്നും സെക്രെട്ടറി സജിമോന്‍ ആന്റണി പറഞ്ഞു. ഫൊക്കാനയുടെ ഈ യജ്ഞത്തില്‍ പങ്കാളികളാകാന്‍ എല്ലാ അമേരിക്കന്‍ മലയാളികളും മുന്നോട്ടു വരണമെന്ന് ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന അഭ്യര്‍ത്ഥിച്ചു. കേരളം ഇതിനെയും മറികടക്കുമെന്നും അതിനുള്ള എല്ലാ പിന്തുണയും ഫൊക്കാനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ.കല ഷഹി, ഓഡിറ്റര്‍ വര്‍ഗീസ് ഉലഹന്നാന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഡോ.മാമ്മന്‍.സി.ജേക്കബ്, ഫൗണ്ടേഷന് ചെയര്മാന് ജോണ്‍ പി. ജോണ്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍ മാധ്യമപ്രവര്‍ത്തകരായ ജോസ് കടപുറം (കൈരളി ടി.വി.), ഫ്രാന്‍സിസ് തടത്തില്‍(കേരള ടൈംസ്), കൈരളി ആര്‍ട്സ് ക്ലബ് പ്രസിഡണ്ട് വര്‍ഗീസ് ജേക്കബ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എബ്രഹാം ഈപ്പന് തുടങ്ങിയ പ്രത്യേക ക്ഷണിതാക്കളും പ്രസംഗിച്ചു. സെക്രെട്ടറി സജിമോന്‍ ആന്റണി സ്വാഗതവും ട്രഷറര്‍ സണ്ണി മറ്റമന നന്ദിയും പറഞ്ഞു.
ഗോ ഫണ്ട് മി ലിങ്ക്: FOKANA (501-C3 Non Profit)Kerala COVID Relief Fund, organized by Fokana Inc
ജോയിച്ചൻപുതുക്കുളം