കോവിഡ് പരിശോധന വ്യാപകമാക്കി നഗരസഭകള്‍

Spread the love

post

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍  വ്യാപകമാക്കി പുനലൂര്‍, കരുനാഗപ്പള്ളി, പരവൂര്‍ നഗരസഭകള്‍. പുനലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയുള്ള ആന്റിജന്‍ മെഗാ പരിശോധനാ ക്യാമ്പ് ഇന്ന് (മെയ് 31) മുതല്‍ ആരംഭിക്കും. മുറിയന്തല സബ്ടൈല്‍സ് ക്ലബ്ബിലാണ് പരിശോധന. ജൂണ്‍ ഒന്നു മുതല്‍ നാലുവരെ യഥാക്രമം കക്കോട് ഹെല്‍ത്ത് സെന്റര്‍, ഗ്രേസിംഗ് ബ്ലോക്ക് ഓഡിറ്റോറിയം, മണിയാര്‍ സ്‌കൂള്‍  അങ്കണം, ആരംപുന്ന ഗവ.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.

കരുനാഗപ്പള്ളി നഗരസഭാ പരിധിയില്‍ ആന്റിജന്‍ പരിശോധന വ്യാപകമാക്കി. ഇന്ന് (മെയ് 31) മുഴുങ്ങോട്ട് വിള ബഡ്‌സ് സ്‌കൂളിലാണ് പരിശോധന. നഗരസഭയുടെ നേതൃത്വത്തില്‍ ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം താലൂക്കാശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

പരവൂര്‍ നഗരസഭാ പരിധിയിലെ നെടുങ്ങോലം താലൂക്കാശുപത്രിയില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ എല്ലാദിവസവും നടത്തുന്നുണ്ട്. പൊഴിക്കര പി.എച്ച്.സിയുടെ നേതൃത്വത്തില്‍ കാട്ടുകുളം സ്‌കൂളില്‍ ജൂണ്‍ ഒന്നിന് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്ന് സെക്രട്ടറി വൃജ അറിയിച്ചു.

ചാത്തന്നൂര്‍ മണ്ഡലത്തിലെ ആദ്യ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം പൂതക്കുളം ഗവ.എച്ച്.എസ്.എസില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 100 കിടക്കകകള്‍ ഉള്ള കേന്ദ്രത്തില്‍ ഡോക്ടര്‍മാരെയും മതിയായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ആംബുലന്‍സ് സൗകര്യവും മൂന്ന് ഓക്സിജന്‍ സിലിണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ക്കായി മയ്യനാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഡി.സി.സി. എം. നൗഷാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കല്ലുകുഴി എസ്.കെ.എം. സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ തുടങ്ങിയ കേന്ദ്രത്തില്‍ 100 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗബാധയുള്ള അതിഥി തൊഴിലാളികളില്‍  ബാഹ്യലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് ഇവിടെ പരിചരിക്കുക. ഇവര്‍ക്കാവശ്യമായ ചികിത്സാ സൗകര്യം, ഭക്ഷണം എന്നിവ ഗ്രാമപഞ്ചായത്ത് വഴി ലഭ്യമാക്കും.

വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ ഗവ. സ്‌കൂളില്‍ ആരംഭിച്ച ഡി.സി.സി  പ്രസിഡന്റ് ഡി. സജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആംബുലന്‍സ് സേവനവും ഇവിടെ ലഭ്യമാണ്.

നിലമേല്‍ ശബരിഗിരി സ്‌കൂളില്‍  പ്രവര്‍ത്തനം ആരംഭിച്ച ഡി.സി.സി.യില്‍ 15 രോഗികള്‍ ചികിത്സയിലുണ്ട്. ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് തീരുമാനമായിട്ടുണ്ടെന്നും നിലമേല്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് വി. വിനീത പറഞ്ഞു.

ചാത്തന്നൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലെ സ്റ്റെപ് ഡൗണ്‍ സി.എഫ്.എല്‍.ടി സിയില്‍ ഏഴു രോഗികള്‍ ചികിത്സയിലുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നുണ്ടെന്ന് ഇത്തിക്കര ബി.ഡി ഒ. അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *