കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കാന്‍ ഫോമാ ആരംഭിച്ച “ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ” എന്ന സന്ദേശവുമായി, ഫോമയും അംഗസംഘടനകളും, പ്രമുഖ വ്യക്തികളും ചേര്‍ന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകളും , പള്‍സ് ഓക്‌സീമീറ്ററുകളും, കേരള സര്‍ക്കാരിന് വേണ്ടി, നോര്‍ക്ക റൂട്‌സിന്റെ ഭാരവാഹികളും, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി.
.ടി.എസ് എയുടെ അംഗീക്യത ഷിപ്പര്‍ എന്ന അംഗീകാരം ലഭിച്ചതിനാല്‍ രണ്ടു ദിവസങ്ങള്‍ കൊണ്ട് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞുവെന്നത് വളരെ വലിയ നേട്ടമായി. യാതൊരു വിധ സാങ്കേതികനിയമ തടസ്സങ്ങളുമില്ലാതെ നാട്ടിലെത്തിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ അര്‍ഹതപ്പെട്ട ജില്ലാ താലൂക്ക് ആശുപത്രികളിലേക്കും, മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്കും ഉടന്‍ കൈമാറുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വൈദ്യതി വ്യതിയാനമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന തകരാറുകളില്ലാതെ ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണ്. ഇന്ത്യന്‍ വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുന്ന ജീവന്‍ രക്ഷാ ഉപകാരണങ്ങളാണ് ആദ്യ ഘട്ടവുമായി കയറ്റി അയച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി പത്ത് വെന്റിലേറ്ററുകളും, അന്‍പത് ഓക്‌സിജന്‍ കോണ്‌സെന്‌ട്രേറ്ററുകളും, സര്‍ജിക്കല്‍ ഗ്ലൗസുകളും , ബ്ലാക്ള്‍ ഫങ്‌സിനുള്ള മരുന്നുകളും കയറ്റി അയക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
ഫോമയുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു താങ്ങും തണലുമായി കൂടെ നില്‍ക്കുന്ന എല്ലാ അംഗസംഘടനകള്‍ക്കും, വ്യക്തികള്‍ക്കും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി അറിയിച്ചു.
ജോയിച്ചൻപുതുക്കുളം.