750 കോടിയുടെ പുരസ്‌കാരം പ്രഖ്യാപിച്ച് ബെസോസ്


on July 21st, 2021
ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ എഴുതിചേര്‍ക്കപ്പെട്ടേക്കാവുന്ന ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ് ബെസോസ് പ്രഖ്യാപിച്ചത് 750 കോടി രൂപയുടെ പുരസ്‌കാരം. കറേജ് ആന്‍ഡ് സിവിലിറ്റി എന്ന പേരിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
അഭിമുഖീകരിക്കേണ്ടി വരുന്ന ഗുരുതര പ്രതിസന്ധികളും പ്രശ്‌നങ്ങളും അതിജീവിക്കാന്‍ മനുഷ്യസമൂഹത്തിന് നേതൃത്വവും കരുത്തും പകരുന്ന വ്യക്തികള്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനായ വാന്‍ ജോണ്‍സും സെലിബ്രിറ്റി ഷെഫായ ജോസ് ആന്‍ഡ്രെസുമാണ് പ്രഥമ പുരസ്‌കാര ജേതാക്കള്‍. അവാര്‍ഡ് നല്‍കുന്നത് തുടരുമെന്നും ബെസോസ് അറിയിച്ചു.
തന്റെ ബഹിരാകാശയാത്ര അവിസ്മരണിയമായി നിലനിര്‍ത്താനാണ് ബെസോസ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് തുക ഇവര്‍ക്ക് വീതിച്ചെടുക്കുകയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയോ ചെയ്യാമെന്ന് ബെസോസ് പറഞ്ഞു.
ജൂലൈ 11 ന് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ നടത്തിയ യാത്രയ്ക്ക് ശേഷം അദ്ദേഹം ഒരാള്‍ക്ക് സൗജന്യമായി ബഹിരാകാശയാത്ര ഓഫര്‍ ചെയ്തിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അമേരിക്കന്‍ കമ്പനിയായ ഒമേയ്‌സ് വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്ന ഒരാള്‍ക്കാണ് രണ്ട് ടിക്കറ്റുകള്‍
ബ്രാന്‍സണ്‍ സൗജന്യമായി നല്‍കുന്നത്.
ബ്രാന്‍സന്റേയും ബെസോസിന്റെയും ബഹിരാകാശ യാത്രകളോടെ ബഹിരാകാശ ടൂറിസമെന്ന അതിവിശാലമായ പുതിയൊരു ബിസിനസ്സ്  രംഗമാണ് തുറക്കപ്പെടുന്നത്. ഒപ്പം ശതകോടീശ്വരന്‍മാരുടെ കിടമത്സരങ്ങളും ഈ മേഖലയില്‍ സജീവമാകും.
                             ജോബിന്‍സ് തോമസ്
em

Leave a Reply

Your email address will not be published. Required fields are marked *