മലപ്പുറം : തിരൂരങ്ങാടി ചെമ്മാട്ടെ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ പ്രവൃത്തി മൂന്ന് ദിവസത്തിനകം ആരംഭിക്കുമെന്ന് തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ജില്ലാ പൈതൃക മ്യൂസിയമായി പരിഗണിച്ച ചെമ്മാട്ടെ ഹജൂര്‍ കച്ചേരി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലയിലും ഒരു പൈതൃക മ്യൂസിയം എന്നത് കഴിഞ്ഞ സര്‍ക്കാറിന്റെ തീരുമാനമാണ്. മൂന്ന് ജില്ലകളില്‍ ഇതിനകം പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. മലപ്പുറം ജില്ല സ്വാതന്ത്ര്യ സമരം അടക്കമുള്ള പല പോരാട്ടങ്ങള്‍ക്കും പേരുകേട്ട ജില്ലയാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സമര സേനാനികളെക്കുറിച്ചും പഠനം നടത്താനും പുതുതലമുറക്ക് പഠിക്കാനും ഇവിടെ അവസരമെരുക്കും ഇതുമായി ബന്ധപ്പെട്ട രേഖകളും വസ്തുക്കളും സൂക്ഷിക്കും. നാലു കോടി രൂപയാണ് ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയമായി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്നും പ്രവൃത്തി ത്വരിതഗതിയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കെ.പി.എ മജീദ് എം. എല്‍.എ, തിരൂരങ്ങാടി നഗരസഭ അധ്യക്ഷന്‍ കെ.പി മുഹമ്മദ് കുട്ടി, നഗരസഭ കൗണ്‍സിലര്‍ ഇക്്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മാഇല്, തിരൂരങ്ങാടി തഹസില്‍ദാര്‍ പി.എസ്് ഉണ്ണികൃഷ്ണന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.