കരട് തീരദേശ പ്ലാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധസമിതി : മുഖ്യമന്ത്രി

Spread the love

കരട് തീരദേശ പ്‌ളാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എം. രാജഗോപാൽ എം. എൽ. എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഈ രംഗത്തെ വിദഗ്ധരായ പി.ഇസഡ്. തോമസ്, പി.ബി. സഹസ്രനാമൻ എന്നിവരാണ് സമിതി അംഗങ്ങൾ. തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രമാണ് കരട് തയ്യാറാക്കിയത്.
2011-ലെ തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ 18.01.2019-ൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കി, അത് കേന്ദ്ര പരിസ്ഥിതി-വനം- കാലാവസ്ഥാവ്യതിയാന മന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്ക് വിജ്ഞാപനത്തിലെ ഇളവുകൾ സംസ്ഥാനത്ത് ബാധകമാകും.
കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രം (NCESS) തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമർപ്പിച്ച പ്രീ-ഡ്രാഫ്റ്റ് തീരദേശ പരിപാലന പ്ലാൻ പരിശോധിച്ച് അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനുള്ള നിർദ്ദേശം, 2019-ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം വഴി സംസ്ഥാനത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം, ഇതു സംബന്ധിച്ച മുൻ കമ്മിറ്റികളുടെ കണ്ടെത്തലുകളും ശുപാർശകളും പരിഗണിച്ചുള്ള നിർദ്ദേശങ്ങൾ,  ജുഡീഷ്യൽ പ്രഖ്യാപനങ്ങൾ വിവിധ പങ്കാളികളുടെ പ്രാതിനിധ്യം കൂടി പരിഗണിച്ച് ആവശ്യമെങ്കിൽ ഉചിതമായ ഭേദഗതി നിർദ്ദേശിക്കുക, തീരദേശ പരിപാലന പ്ലാൻ പോരായ്മകളില്ലാതെ തയ്യാറാക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാരിന് പരിഗണിക്കാവുന്ന മറ്റ് ശിപാർശകൾ എന്നിവയാണ് കമ്മിറ്റി പരിഗണിക്കുക.
വിദഗ്ദ്ധ സമിതി ഇതിനകം രണ്ടുതവണ യോഗം ചേർന്നു. പ്രീ-ഡ്രാഫ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ ടൂറിസം പ്ലാൻ, ഫിഷറീസ് പ്ലാൻ എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ടൂറിസം പ്ലാൻ ലഭ്യമായിട്ടുണ്ട്. ഫിഷറീസ് പ്ലാൻ ജൂലൈ 25ന് ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കരട് നൽകി അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം പബ്ലിക് ഹിയറിംഗ് നടത്തും. ആഗസ്റ്റ് അവസാനത്തോടെ പബ്ലിക് ഹിയറിംഗ് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീരദേശ പ്ലാൻ തയ്യാറാക്കൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിച്ച് പുതുക്കിയ പ്ലാൻ 2021 സെപ്റ്റംബർ 30ന്  സമർപ്പിക്കാനാകണമെന്നും തീരുമാനിച്ചിട്ടുണ്ട്. പൊക്കാളി നിലങ്ങൾ ഉൾപ്പെടെയുള്ള വയലുകളെല്ലാം നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിലൂടെ സംരക്ഷിക്കപ്പെട്ടവയാണ്. ആ നില തുടരണമെന്ന് കണ്ടിട്ടുണ്ട്. 2019-ലെ സി. ആർ. സെഡ് നോട്ടിഫിക്കേഷൻ പ്രകാരം സ്വകാര്യ മേഖലയിലെ കണ്ടലുകൾ ബഫർ സോൺ പരിധിയിൽ ഉൾപ്പെടുന്നില്ല എന്നതിനാൽ അത്തരം പ്രദേശങ്ങളെ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്രീ-ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നാണ് ലഭിച്ചിട്ടുള്ള അഭിപ്രായം. വകുപ്പുതലത്തിൽ തന്നെ പരമാവധി അപാകതകൾ പരിഹരിച്ചാൽ പബ്ലിക് ഹിയറിംഗ് സമയത്ത് പരാതികൾ കുറഞ്ഞിരിക്കുമെന്നതിനാൽ അതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
അംഗം ഉന്നയിച്ച വലിയപറമ്പ പ്രദേശം കരട് പ്ലാൻ പ്രകാരം CRZ III B-യിലാണ്. ഈ പഞ്ചായത്തിന് പുതിയ വിജ്ഞാപന പ്രകാരമുള്ള ആനുകൂല്യങ്ങൾ  ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്ധ സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി പരിശോധിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *