ജില്ലയിലെ ആദ്യ സമ്പൂര്‍ണ സുരക്ഷിത ഗ്രാമമായി പെരുമ്പളം

Spread the love

post

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ സുരക്ഷിത ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവന്‍ ബാങ്ക് അക്കൗണ്ട് ഉടമകളെയും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എസ്.ബി.വൈ) അപകട ഇന്‍ഷുറന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. 18 വയസു മുതല്‍ 70 വയസുവരെയുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപവരെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. പഞ്ചായത്തിലെ നിര്‍ധനരായവരുടെ പ്രീമിയം തുക എസ്.ബി.ഐ.യാണ് അടച്ചത്.

സമഗ്ര ഗ്രാമവികസന പദ്ധതി ആവിഷ്‌ക്കരിച്ച് പെരുമ്പളത്തെ മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിനായി പഞ്ചായത്തിലെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നബാര്‍ഡും ലീഡ് ബാങ്കും ചേര്‍ന്ന് സര്‍വേ നടത്തിയിരുന്നു. പെരുമ്പളത്തെ മുഖ്യധാരയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആദ്യ നടപടിയെന്ന നിലയിലാണ് ബാങ്ക് അ്ക്കൗണ്ട് ഉടമകളെയെല്ലാം അപകട ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയത്.

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ അഡ്വ. എ.എം. ആരിഫ് എം.പി. പ്രഖ്യാപനം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി ആശയ്ക്ക് സാക്ഷ്യപത്രം കൈമാറി. എസ്.ബി.ഐ. ജനറല്‍ മാനേജര്‍ അരവിന്ദ് ഗുപ്ത, എസ്.ബി.ഐ റീജണല്‍ മാനേജര്‍ കെ.എ. ജൂഡ് ജരാര്‍ത്, നബാര്‍ഡ് ജില്ലാ ഓഫീസര്‍ ടി.കെ. പ്രേംകുമാര്‍, പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജു എന്നിവര്‍ പങ്കെടുത്തു.

സമഗ്രവികസന പദ്ധതിയുടെ ഭാഗമായി നൈപുണ്യവികസനം, സ്വയംതൊഴില്‍, ചെറുകിട-ഇടത്തരം സംരംഭ പദ്ധതികള്‍ നടപ്പാക്കാനും മൃഗസംരക്ഷണം, കോഴി വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. കൂടുതല്‍ തൊഴിലും വരുമാനവും വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *