നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു.
തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും അതിനാൽ രാജിവെക്കേണ്ടതില്ലെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ വാദം.ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ നിരപരാധികളാണെന്ന്
സർക്കാർ അഭിഭാഷകന്റെ വാദം നിർദയം തള്ളിക്കളഞ്ഞുകൊണ്ടാണ് പരമോന്നത കോടതി പ്രതികളോട് വിചാരണ നേരിടാൻ ആവശ്യപ്പെട്ടത്.
ഒന്നാം പിണറായി സർക്കാരിൽ ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്നാണ് മന്ത്രിമാരായ ഇ പി ജയരാജനും എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും രാജിവെച്ചത്.
സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ പശ്ചാത്തലത്തിൽ ശിവൻ കുട്ടിക്ക് മന്ത്രിപദം രാജി വെക്കാനുള്ള ധാർമികമായ കടമയുണ്ട്.ആ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി പദം രാജിവെച്ച് കുട്ടികൾക്ക് മാതൃക കാണിക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.