സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പേ പറക്കുന്ന പക്ഷിയെപ്പോലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎല്‍എ. ക്രിമിനല്‍ക്കേസില്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രിയെ ഈ രീതിയില്‍ സംരക്ഷിക്കുന്നത് അപഹാസ്യമാണ്.
നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന പിണറായി സര്‍ക്കാരിന്റെ നിലപാടാണ് കെ എം മാണിയുടെ ആത്മാവിന് അശാന്തി പകരുന്നത്.അതിന് കുടപിടിക്കുന്ന മാണി പുത്രനാണ് അശാന്തിയുടെ മുഖ്യ ഉത്തരവാദി. യുഡിഎഫ് എക്കാലവും മാണി സാറിനെ സംരക്ഷിക്കുകയാണു ചെയ്തത്.
കെഎം മാണിയെ ഭൂലോക കള്ളനെന്ന് അധിക്ഷേപിച്ചവരാണ് സിപിഎമ്മുകാര്‍.അദ്ദേഹത്തിന്റെ ഭാര്യ യുടെ കയ്യില്‍ അത്യാധുനിക നോട്ടടിയന്ത്രം ഉണ്ടെന്നുവരെ അവര്‍ പറഞ്ഞു.സഭയിലെ കയ്യാങ്കളിക്കേസ് പോലീസിന് വിട്ടത് മാണിസാറിന്റെ സമ്മതത്തോടെയാണ്. സഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സിപിഎം നിലപാടിനൊപ്പമാണോ ക്രിമിനില്‍ കുറ്റത്തിന് കേസുകൊടുത്ത കെഎം മാണിയുടെ നിലപാടിനൊപ്പമാണോ ജോസ് കെ മാണിയെന്നു വ്യക്തമാക്കണം.കേസ് പിന്‍വലിക്കണമെന്ന നിലപാടിനൊപ്പം നില്‍ക്കുന്നതുമൂലമാണ് കെ എം മാണിയുടെ ആത്മാവിന് ശാന്തിലഭിക്കാത്തത്.
ബാര്‍കോഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് അടിയന്തര പ്രമേയം സഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ചു.പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ അടിയന്തര പ്രമേയത്തില്‍ കെഎം മാണി, കെടാത്തതീയും ചാകത്ത പുഴുവും നിറഞ്ഞ നരകത്തില്‍ വീണുപോകുന്നത് ഓര്‍ക്കാന്‍ പോലും കഴിയില്ലെന്ന് പറഞ്ഞു പരിഹസിച്ചു.
കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ ബാറുകള്‍ തുറക്കാന്‍ കെഎം മാണിക്ക് മൂന്ന് ഘട്ടങ്ങളിലായി ഒരുകോടി രൂപ നല്‍കിയെന്നും ഇതിനായി ബാറുടമകള്‍ മന്ത്രിയുടെ പാലായിലെ വീട്ടില്‍ പോയെന്നും രൂപയുമായി പോയവരുടെ കാറിന്റെ നമ്പര്‍ സഹിതം പറയുകയുണ്ടായി. ശബ്ദരേഖ പുറത്തുവിടുമെന്ന് സഭയില്‍ വെല്ലുവിളിച്ചു.
ബാര്‍ക്കോഴ വിവാദം കത്തിനിന്ന 2015 മാര്‍ച്ച് 13 ലെ ദേശാഭിമാനിയുടെ തലക്കെട്ട് കോഴവീരന്റെ ബജറ്റ് അവതരണം, ഇയാള്‍ കള്ളനാണ് എന്നിങ്ങനെയായിരുന്നു. അടുത്ത ദിവസങ്ങളിലെ ദേശാഭിമാനിയില്‍ സഭയിലും തെരുവിലും ചോരപ്പുഴ,നിയമസഭയിലെ തേര്‍വ്വാഴ്ച,ബജറ്റ് അവതരണം നടന്നിട്ടില്ല, മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം,അതികായന്റെ ദയനീയ പതനം,മാണി മാനംക്കെട്ടു തുടങ്ങിയ തലക്കെട്ടുകളും നിരത്തി. മാണിസാറിനെ പാര്‍ട്ടിയും പാര്‍ട്ടി പത്രവും പരമാവധി തേജോവധം ചെയ്തു.
നിയമസഭയില്‍ നടക്കുന്ന അതിക്രമങ്ങള്‍ സഭയില്‍ തന്നെ പറഞ്ഞു തീര്‍ക്കുകയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തികച്ചും തെറ്റാണ്.1970ല്‍ അന്നത്തെ സ്പീക്കര്‍ക്കെതിരെ അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ ചെരിപ്പെറിയുകയും പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.കോടതിവിധിയും ഉണ്ടായി.1964ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ സ്പീക്കറെ കയ്യേറ്റം ചെയ്ത അംഗത്തിനെതിരെ കേസെടുക്കുകയും അദ്ദേഹത്തെ ആറുമാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും പിടി തോമസ് പറഞ്ഞു.