വിശ്വാസികള്‍ക്കായുള്ള കുടുംബക്ഷേമപദ്ധതികള്‍ കത്തോലിക്കാസഭ കൂടുതല്‍ സജീവമാക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Spread the love

കൊച്ചി:  വിശ്വാസികള്‍ക്കായുള്ള കുടുംബക്ഷേമപദ്ധതികള്‍ കത്തോലിക്കാസഭ ഭാരതത്തിലുടനീളം കൂടുതല്‍ സജീവമാക്കുമെന്നും ഇതിനായി വിശ്വാസിസമൂഹമൊന്നാകെ പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
155,433 Cross Shape Stock Photos, Pictures & Royalty-Free Images - iStock
കുടുംബക്ഷേമപദ്ധതികള്‍ കത്തോലിക്കാ സഭയില്‍ പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും കാലങ്ങളായി ഒട്ടേറെ കുടുംബക്ഷേമപദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടാണിരിക്കുന്നത്. 2021 മാര്‍ച്ച് 19 മുതല്‍ 2022 മാര്‍ച്ച് 19 വരെ ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന സഭയുടെ കുടുംബവര്‍ഷാചരണത്തിനോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി വിവിധങ്ങളായ കൂടുതല്‍ തുടര്‍പദ്ധതികള്‍   ഓരോ രൂപതകളോടൊപ്പം സഭയിലെ അല്മായ പ്രസ്ഥാനങ്ങളും വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും.

വിശ്വാസിസമൂഹത്തിനുവേണ്ടി സഭ പ്രഖ്യാപിക്കുന്ന ഈ പദ്ധതികള്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചല്ലാത്തതുകൊണ്ടും സഭയുടെ ആഭ്യന്തരകാര്യമായതുകൊണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചെചെയ്യപ്പെടേണ്ടതില്ല. മാത്രവുമല്ല ഈ പദ്ധതികള്‍ക്ക് ആരുടെയും ഔദാര്യവും അനുവാദവും കത്തോലിക്കാസഭയ്ക്ക് ആവശ്യവുമില്ല. ഇതിന്റെ പേരില്‍ മനഃപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും  വിശ്വാസിസമൂഹം മുഖവിലയ്‌ക്കെടുക്കാതെ പുശ്ചിച്ചുതള്ളും.

വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ രംഗങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളം കത്തോലിക്കാസഭ നടത്തുന്ന മികച്ച സേവനങ്ങളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമൊന്നാകെയാണെന്നുള്ളത് ആരും മറക്കരുതെന്നും രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്രവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള സഭയുടെ പങ്കുവയ്ക്കലുകള്‍ ഏറെ ശക്തമായി തുടരുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി

Author

Leave a Reply

Your email address will not be published. Required fields are marked *