തിരുവന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ഇന്ന് (ഒക്ടോബര്‍ 2)പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ നടക്കും.
രാവിലെ 9 ന് ഗവി നിവാസികള്‍ രമേശ് ചെന്നിത്തലയെ സ്വീകരിക്കും. ഗവിനിവാസികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷം പരിപാടിക്ക് ആരംഭമാകും.പരിപാടിയുടെ ഭാഗമായി എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അഭിനന്ദിക്കും. ഗവിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വസ്ത്രങ്ങള്‍,62 വൃദ്ധജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യും.ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗാന്ധിഗ്രാമം പരിപാടിയുടെ പ്രഖ്യാപനവും നടത്തും.
രമേശ് ചെന്നിത്തല കെ.പി.സി.സി.പ്രസിഡന്റായിരിക്കുമ്പോഴാണ് ഗാന്ധിഗ്രാമം പരിപാടിക്ക് തുടക്കമിടുന്നത്. 2012 ജൂണില്‍ അട്ടപ്പാടി ആദിവാസി ഊരുകളില്‍ നടത്തിയ സന്ദര്‍ശനമാണ് ഇത്തരമൊരു പരിപാടിക്കു പ്രേരകമായത്.
2012 ഒക്ടോബര്‍ 2 ന് മാളയിലെ ദളിത് കോളനിയില്‍ ആയിരുന്നു ഗാന്ധിഗ്രാമം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.തുടര്‍ന്ന് 14 ജില്ലകളിലെ 14 പട്ടികജാതി കോളനികള്‍ സന്ദര്‍ശിച്ച് കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കുകയും, കോളനികളുടെ വികസനത്തിന് കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍സഹായം ലഭ്യമാക്കുകയും ചെയ്തു. വീടുനിര്‍മ്മാണത്തിനും, വിദ്യാഭ്യാസത്തിനും, ചികിത്സയ്ക്കും മറ്റും ഗാന്ധിഗ്രാമം ഫണ്ടില്‍നിന്ന് ധനസഹായം അനുവദിച്ചു. നിരവധി പേര്‍ക്ക് ജോലി ഉറപ്പാക്കി. ഒട്ടേറെ വികസന – ക്ഷേമപരിപാടികള്‍ യാഥാര്‍ത്ഥ്യമാക്കി.ഗാന്ധിഗ്രാമം പരിപാടി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.