വാഷിങ്ടണില്‍ മോഷണ ശ്രമത്തിനിടെ സിക്കുകാരന്‍ വെടിയേറ്റു മരിച്ചു

Spread the love

വാഷിങ്ടന്‍: ലിന്‍വുഡ് ഗ്യാസ് സ്‌റ്റേഷനില്‍ മോഷണ ശ്രമത്തിനിടെ ഇന്ത്യന്‍ വംശജനും ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരനുമായ തേജ്പാല്‍ സിങ് (60) അക്രമിയുടെ വെടിയേറ്റ് മരിച്ചു. സെപ്റ്റംബര്‍ 27ന് രാവിലെ 5.40നാണ് സംഭവം. ഗ്യാസ് സ്‌റ്റേഷനിലേക്ക് വന്ന അക്രമി യാതൊരു പ്രകോപനവുമില്ലാതെ സ്‌റ്റോറിലെ ജീവനക്കാരനായ തേജ്പാലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായി കൗണ്ടി ഷെറിഫിന്റെ ഓഫീസ് പറഞ്ഞു. കൃത്യത്തിനു ശേഷം പ്രതി സ്ഥലത്തുനിന്നും ഓടി മറിഞ്ഞു.

1986ല്‍ ജലന്തറില്‍ നിന്നാണ് തേജ്പാല്‍സിങ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. വളരെ വിശ്വസ്ഥനും കഠിനാധ്വാനിയുമായിരുന്നു തേജ്പാല്‍ സിങ് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തമാശകള്‍ എല്ലാവരും ആസ്വദിച്ചിരുന്നുവെന്നും അവര്‍ സ്മരിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 911ല്‍ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

ഗ്യാസ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി. തേജ്പാല്‍ സിങ്ങിന്റെ കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മി പേജ് തുറന്നിരുന്നു. 60,215 ഡോളര്‍ ലഭിച്ചപ്പോള്‍ അത് നിര്‍ത്തുകയും ചെയ്തു. തേജ്പാലിന്റെ സംസ്ക്കാര ചടങ്ങുകള്‍ക്ക് ഈ തുക ഉപയോഗിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *