വ്യവസായികളെ നേരിൽ കാണാനും അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ട് വ്യവസായ വകുപ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മീറ്റ് ദ മിനിസ്റ്റർ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡാഷ്‌ബോർഡ് സജ്ജമായി. www.industry.kerala.gov.in എന്ന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പരാതിയുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനും ജനങ്ങൾക്ക് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമൊക്കെയാണ് ഡാഷ്‌ബോർഡ് തയ്യാറാക്കിയിട്ടുള്ളത.് അടുത്ത ഒരു മാസം കൊണ്ട് എല്ലാ പരാതികളും പൂർണമായും പരിഹരിക്കുക എന്നതാണ് ലക്ഷ്യം. അദാലത്തിൽ ലഭിച്ച പരാതികളും അവയുടെ തത്സ്ഥിതി വിവരങ്ങളും ഇതിൽ ലഭ്യമാണ്. ലഭിച്ച പരാതികൾ, തീർപ്പാക്കിയ പരാതികൾ, തീർപ്പാക്കാനുള്ള പരാതികൾ എന്നിങ്ങനെ വേർതിരിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.
മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റർ സന്ദർശനം 10 ജില്ലകളിൽ ഇതിനോടകം പൂർത്തിയായി. ജൂലൈ 15ന് എറണാകുളത്ത് നിന്നും ആരംഭിച്ച പരിപാടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ പൂർത്തീകരിക്കുകയും വയനാട്, ഇടുക്കി, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ ഉടൻ സന്ദർശനം നടത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ 10 ജില്ലകളിൽ നിന്നായി 1328 പരാതികൾ സ്വീകരിക്കുകയും 618 പരാതികൾ തീർപ്പ് കൽപ്പിക്കുകയും ചെയ്തു. തുടർനടപടികൾക്കായി 143 പരാതികളും ഇതര വകുപ്പുമായി ബന്ധപ്പെട്ട 299 പരാതികളും സർക്കാരിന്റെ തീരുമാനത്തിലേക്ക് 179 പരാതികളുമായി തരംതിരിച്ചിട്ടുണ്ട്.