കോളേജുകളില്‍ അവസാന വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചു

Spread the love

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളും ക്യാമ്പസും…

പത്തനംതിട്ട: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ കോളേജുകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ (5/6 സെമസ്റ്റര്‍), ബിരുദാനന്തര ബിരുദ ക്ലാസുകള്‍ (3/4 സെമസ്റ്റര്‍) തുടങ്ങിയവ ആരംഭിച്ചു. കോളജുകളുടെ അകത്തേക്ക് പ്രവേശിക്കുന്ന കവാടങ്ങളില്‍ തന്നെ സാനിറ്റൈസറും താപനില പരിശോധിക്കുന്നതിനായി തെര്‍മല്‍ സ്‌കാനറും സജീകരിച്ചിട്ടുണ്ട്. വായും മൂക്കും മൂടത്തക്കവിധം എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു.

ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍കൊള്ളിച്ചുകൊണ്ട് നടത്താനും ബിരുദ ക്ലാസുകള്‍ ആവശ്യമെങ്കില്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ക്ലാസ് റൂമുകളും ലൈബ്രറി, ലബോറട്ടറി തുടങ്ങിയവ അണുവിമുക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് സ്ഥാപനമേധാവികള്‍ ഉറപ്പാക്കുന്നുണ്ട്.

അധ്യാപക, അനധ്യാപക ജീവനക്കാര്‍ കോളേജുകളില്‍ ഹാജരായിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിന് തടസം ഉണ്ടാകാതെ ഇരിക്കുന്നതിന് ഓഫ്ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിനുള്ള അധ്യാപകരുടെ എണ്ണം ഉറപ്പാക്കിക്കൊണ്ട് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ഒരു നിശ്ചിത എണ്ണം അധ്യാപകരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് കോളേജ് കൗണ്‍സിലുകള്‍ തീരുമാനിച്ചിട്ടുമുണ്ട്. ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ഗര്‍ഭിണികള്‍, അപകടകരമായ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പെട്ട അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ തുടരാം. ഈ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അറ്റന്‍ഡന്‍സ് നിര്‍ബന്ധമല്ല.

ക്ലാസുകളുടെ സുരക്ഷിതമായ നടത്തിപ്പിന് സ്ഥാപനതല ജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍, അഗ്നിശമന സേന, പോലീസ് പ്രതിനിധികള്‍ എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കോളജുകളില്‍ ആവശ്യമായ എല്ലാ സജീകരണങ്ങളും ജില്ലാ ഭരണകേന്ദ്രവും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *