കോട്ടയം: ദേശീയ സന്നദ്ധ രക്തദാനദിനാചരണങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ 45 കന്യാസ്ത്രീകൾ രക്തം ദാനം ചെയ്തു. ജില്ലാ ആരോഗ്യവകുപ്പിന്റെയും പൊൻകുന്നം ജനമൈത്രി പൊലീസിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും കോട്ടയം ലയൺസ് എസ്.എച്ച്.എം.സി. ബ്ലഡ് ബാങ്കിന്റേയും സഹകരണത്തോടെ കാഞ്ഞിരപ്പള്ളി സാൻ ജിയോവാനി അഡോറേഷൻ പ്രൊവിൻഷ്യലേറ്റിലെ സന്യാസിനികളാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പ്രൊവിൻഷ്യൽ ഹൗസിൽ സംഘടിപ്പിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അമല കിടൻങ്ങത്താഴെ അദ്ധ്യക്ഷയായി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടൻ മുഖ്യാതിഥിയായി.
ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോണും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും രക്തദാന സന്ദേശം നൽകി. ഗ്രാമപഞ്ചായത്തംഗം ആന്റണി മാർട്ടിൻ, പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ മെർലിൻ കാഞ്ഞിരത്തിങ്കൽ, സിസ്റ്റർ ആൻസ് മാത്യു എന്നിവർ പ്രസംഗിച്ചു.