വെച്ചൂച്ചിറയില്‍ ഇടവിള കൃഷി നടീല്‍ ഉത്സവത്തോടെ കാര്‍ഷിക പദ്ധതിക്ക് തുടക്കമായി

Spread the love

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുത്തി റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനും നാണ്യ വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇടവിള കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് അധ്യക്ഷത വഹിച്ചു.
post

തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി നിര്‍വഹിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ 450 ഏക്കര്‍ റബ്ബര്‍ തോട്ടങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇതിനായി 45000 കൊക്കോ, കാപ്പി തൈകള്‍ നട്ടു വളര്‍ത്തും. 80000 തൊഴില്‍ ദിനങ്ങള്‍ ഇതിലൂടെ ഉറപ്പുവരുത്താന്‍ കഴിയും. തോട്ടങ്ങള്‍ കാട് തെളിച്ചു കുഴികള്‍ എടുത്തു തൈകള്‍ നടുന്നതിനൊപ്പം ഒരു വര്‍ഷത്തെ തുടര്‍ പരിചരണവും നടത്തും. 25 തൈകള്‍ വീതമുള്ള ഓരോ യൂണിറ്റ് ആയി കണക്കാക്കിയാണ് ഇടവിള കൃഷി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും പദ്ധതി വിഹിതമായി അനുവദിച്ചിട്ടുണ്ട്. ഭാവിയില്‍ ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന കാപ്പി, കൊക്കോ എന്നിവയില്‍ നിന്നും പഞ്ചായത്തിന്റെ സ്വന്തം ബ്രാന്‍ഡില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് വഴി തൊഴില്‍ അവസരങ്ങളും കര്‍ഷകര്‍ക്ക് അധിക വരുമാനവും സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *