സിറോ പ്രിവിലന്‍സ് സര്‍വേ പൂര്‍ത്തിയായി: മന്ത്രി വീണാ ജോര്‍ജ്

Spread the love

സംസ്ഥാനത്തെ കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പഠനത്തില്‍ ലഭ്യമായ ഡേറ്റ ക്രോഡീകരിച്ചു വരികയാണ്. പ്രാഥമികമായ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ട്. സമഗ്രമായ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെയാകും. സിറോ പ്രിവിലന്‍സിലൂടെ കണ്ടെത്തുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലുള്ള പ്രതിരോധം, അല്ലെങ്കില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ്. രണ്ട് രീതിയിലൂടെ ഇത് കൈവരിക്കാം. രോഗം വന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും വാക്‌സിനേഷനിലൂടെയും ഇത് കൈവരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നല്ല രീതിയില്‍ വാക്‌സിനേഷന്‍ നടന്നിട്ടുണ്ട്. 93 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. നല്ല രീതിയില്‍ രണ്ടാം ഡോസ് വാക്‌സിനും നല്‍കാനായി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കുറേപേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇത് രണ്ടും കൂടി കണക്കിലെടുത്താല്‍ സ്വാഭാവികമായും കൂടുതല്‍ പേര്‍ പ്രതിരോധം കൈവരിച്ചിരിക്കാനാണ് സാധ്യത.

ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് കോവിഡ് മരണങ്ങള്‍ ചേര്‍ക്കുന്നത്. കേരളമാണിത് ആദ്യം നടപ്പിലാക്കിയത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വന്നയുടനെ തന്നെ അത് ചര്‍ച്ച ചെയ്യുകയും സംസ്ഥാനം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതി. കൂടാതെ ഗുരുതരമായ അലര്‍ജിയുള്ളവരും വാക്‌സിനെടുക്കേണ്ട. കോവിഡ് ഉണ്ടായാല്‍ ഗുരുതമാകാതിരിക്കുന്നത് വാക്‌സിന്‍ എടുക്കുന്നത് കൊണ്ടാണ്. വാക്‌സിന്‍ നമുക്കൊരു പ്രതിരോധ കവചമാണ്. അതിനാല്‍ വാക്‌സിനോട് ആരും വിമുഖത കാണിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *