സുരക്ഷിത വാഗമണ്‍ യാത്രക്കായി വിവിധ വകുപ്പുകളും നാട്ടുകാരും കൈകോര്‍ത്തു

Spread the love

post

ഇടുക്കി: ജില്ലയിലെ ഏറ്റ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമായി മാറി കൊണ്ടിരിക്കുന്ന വാഗമണ്ണിലേക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി വിവിധ വകുപ്പുകളും നാട്ടുകാരും കൈകോര്‍ത്തു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഏകോപനത്തിലും ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലുമായിരുന്നു സുഗമ പാതയൊരുക്കല്‍. ഇതിനായി പിഡബ്ല്യുഡി, കെഎസ്ഇബി, വാഗമണ്‍ റിസോര്‍ട്ട് അസോസിയേഷന്‍, ടീ എസ്റ്റേറ്റുകള്‍, ഗ്രാമ പഞ്ചായത്ത്, മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവയും നാട്ടുകാരും ഒരുമിച്ചു.
തൊടുപുഴയില്‍ നിന്നുള്ള കാഞ്ഞാര്‍ – പുളളിക്കാനം – വാഗമണ്‍ റോഡിലും മൂലമറ്റം – പുള്ളിക്കാനം – വാഗമണ്‍ റോഡിലുമായി ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. അവധി ദിവസങ്ങളില്‍ വാഹനങ്ങളുടേയും യാത്രികരുടേയും എണ്ണം ആയിരത്തോടടുക്കും. വീതി കുറവും കാട്ടുചെടികള്‍ എതിര്‍ ദിശയിലെ കാഴ്ച്ച മറയ്ക്കുക്കുന്നതും മൂലം ഇതുവഴിയുള്ള യാത്ര മിക്കപ്പോഴും ദുര്‍ഘടമാകുന്നതായി പരാതി ഉയര്‍ന്നു. വീതി കുറവുള്ള റോഡില്‍ ഇരു ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങള്‍ക്ക് വശം കൊടുക്കുന്നതിനും പലപ്പോഴും സാധിക്കാറില്ല.

ഇതേ തുടര്‍ന്നാണ് വിവിധ വകുപ്പുകള്‍ യോജിച്ച് നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിത യാത്രയ്ക്ക് വേണ്ടിയിട്ടുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചത്.ആദ്യഘട്ടം എന്ന നിലയില്‍ കാഞ്ഞാര്‍ മുതല്‍ പുള്ളിക്കാനം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലേയും കാടുകള്‍ വെട്ടിത്തെളിച്ചു. റോഡിലേയും വശങ്ങളിലേയും കുഴികള്‍ മണ്ണിട്ട് നികത്തി. വൈദ്യുതി തൂണ്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാക്കുന്ന തടസ്സങ്ങള്‍ നീക്കുന്നതിനായി കെഎസ്ഇബി ഉദ്യോഗസ്ഥരും ശ്രമം തുടങ്ങി.ആദ്യഘട്ടം വാഗമണ്‍ വരെയുള്ള പാതയാണ് സുഗമമാക്കുന്നത്. രണ്ടാം ഘട്ടമെന്ന നിലയില്‍ വരും ദിവസങ്ങളില്‍ പുള്ളിക്കാനം മുതല്‍ മൂലമറ്റം വരെയുള്ള റോഡിലെ തടസ്സങ്ങളും നീക്കം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ഞാര്‍ – പുളളിക്കാനം റോഡിലെ കൂവപ്പള്ളിയില്‍ തുടക്കമായി. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി.എ. സിറാജുദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ അധ്യക്ഷയായി. മോട്ടോര്‍ വെഹിക്കിള്‍ ആര്‍ടിഒ നസീര്‍.പി.എ, അറക്കുളം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു ജോസഫ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശൈലേന്ദ്രന്‍, വാഗമണ്‍ റിസോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സജി തോമസ് എന്നിവരും പ്രദേശവാസികളും നേതൃത്വം നല്‍കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *