ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടന്ന ബാസ്ക്കറ്റ്ബോൾ ടൂര്ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം.
സെപ്തംബർ 19നു ഞായറാഴ്ച ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തോടു ചേർന്നുള്ള ‘ട്രിനിറ്റി സെന്റർ’ സ്പോര്ട്സ് ഫെസിലിറ്റിയിൽ വച്ചു നടന്ന ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് ‘എ’ ടീം ജേതാക്കളായി എവർറോളിംഗ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ‘എ’ ടീം റണ്ണർ അപ്പിനുളള എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി.
ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ബാസ്ക്കറ്റ് ബോൾ ഫൈനൽ മത്സരത്തിൽ 54 നെതിരെ 60 പോയിന്റുകൾ നേടിയാണ് ഇമ്മാനുവലിന്റെ യുവതാരങ്ങൾ സെന്റ് മേരീസിനെ പരാജയപ്പെടുത്തിയത്.
ചാമ്പ്യന്മാർക്കുള്ള ഇ.വി. ജോൺ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി റെജി കോട്ടയവും, റണ്ണർ അപ്പിനുള്ള എവർറോളിംഗ് ട്രോഫി എലിഫ് ട്രാവെൽസും സംഭാവന നല്കി.
സെപ്തംബർ 18 നു രാവിലെ 9 മണിക്ക് ആരംഭിച്ച ടൂർണമെന്റ് സ്പോർട്സ് കൺവീനർ റവ.ഫാ. ജെക്കു സക്കറിയ പ്രാര്ഥനയോടു കൂടി ഉത്ഘാടനം ചെയ്തു.
ഇമ്മാനുവേൽ ടീമിലെ ബിൻസൺ എംവിപി ട്രോഫി കരസ്ഥമാക്കി. 3 പോയിന്റ് ഷൂട്ട് ഔട്ടിൽ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ടീമിലെ ജെബി കളത്തൂർ (1 മിനിറ്റിൽ 10 പോയിന്റ്) ചാമ്പ്യൻ ആയി.
ഹൂസ്റ്റണിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് 10 ടീമുകളാണ് ടൂർണ്ണമെന്റിൽ മാറ്റുരച്ചത്. ഹൂസ്റ്റണിലെ കായികപ്രേമികളായ നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യം കൊണ്ടു ധന്യമായിരുന്നു ട്രിനിറ്റി സെന്റർ.
2013 മുതൽ ഹൂസ്റ്റണിൽ നടത്തി വരുന്ന എക്യൂമെനിക്കൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ച സ്പോർട്സ് കൺവീനർ റവ. ഫാ.ജെക്കു സഖറിയ, കോർഡിനേറ്റർ റജി കോട്ടയം എന്നിവരെ ഐസിഇസിഎച്ച് ഭാരവാഹികൾ അഭിനന്ദിച്ചു. ഇവരോടൊപ്പം റവ.ഫാ. ഐസക് ബി.പ്രകാശ്, റവ.ഫാ. ജോൺസൻ പുഞ്ചക്കോണം, എബി മാത്യു, ബിജു ചാലയ്ക്കൽ, നൈനാൻ വെട്ടിനാൽ, ജോൺസൻ ഉമ്മൻ, സന്തോഷ് തുണ്ടിയിൽ എന്നവരടങ്ങിയ സ്പോർട്സ് കമ്മിറ്റിയാണ് ടൂര്ണമെന്റിനു ചുക്കാൻ പിടിച്ചത്.
റവ. ഫാ.ജെക്കു സക്കറിയ, റവ. ഫാ. ജോൺസൻ പുഞ്ചക്കോണം എന്നിവർ സമ്മാനദാനം നിർവഹിച്ചു. റജി കോട്ടയം നന്ദി പ്രകാശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് ടൂർണമെന്റ് സമാപിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി