നടന്‍ നെടുമുടി വേണു അന്തരിച്ചു

Spread the love

Nedumudi venu - Interview | നെടുമുടി വേണു- ഭാവാഭിനയത്തിന്റെ ദീപ്തപൂര്‍ണ്ണമായ വഴികള്‍ | Mangalam

നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം. സംസ്കാരം ചൊവ്വാഴ്ച.

നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ടു.

ടി.ആര്‍. സുശീലയാണ് ഭാര്യ. മക്കള്‍; കണ്ണന്‍, ഉണ്ണി

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങള്‍ എഴുതുമായിരുന്നു. സ്കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.

അധ്യാപനത്തോടൊപ്പം പ്രൊഫഷണന്‍ നാടകങ്ങളിലും അമെച്വര്‍ നാടകങ്ങളിലും പ്രവര്‍ത്തിച്ചു. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. നെടുമുടി വേണു എന്ന സിനിമാനടന്റെ ഉദയകാലമായിരുന്നു അത്.

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി.

പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ നെടുമുടി വേണുവിന്റെ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറാന്‍ വേണുവിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ദൂരദര്‍ശന്‍പ്രതാപകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമായി. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് നേടുമുടി. നാടകക്കളരികള്‍ മലയാളസിനിമയ്ക്കും സമ്മാനിച്ച കലാകാരന്മാരില്‍ ഒരാള്‍കൂടി കാലയവനികയ്ക്കുള്ളില്‍ മറയുകയാണ്. തനതുനാടകപ്പാട്ടുകളും മൃദംഗവും നാടന്‍ശീലുകളും കൊണ്ട് സമ്പന്നനായിരുന്നു നെടുമുടിവേണു എന്ന പ്രതിഭ.

Author

Leave a Reply

Your email address will not be published. Required fields are marked *