മലപ്പുറം : വനിതാ ശിശു വികസന വകുപ്പും മലപ്പുറം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലികാദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലയിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റം ശൈശവ വിവാഹ നിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന് വഴിയൊരുക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ക്കിടയില്‍ വേണ്ടത്ര അവബോധം സൃഷ്ടിക്കാനായെങ്കിലും പലപ്പോഴും വീട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും കുറ്റകരമാണെന്ന വിവരം മാതാപിതാക്കളെയും ബന്ധുക്കളെയും പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട്. ബാലസൗഹൃദ ജില്ലയെന്ന ലക്ഷ്യത്തിനായുള്ള ശ്രമങ്ങളില്‍ ജനപ്രതിനിധികളുള്‍പ്പടെയുള്ളവരുടെ പൂര്‍ണ പിന്തുണ അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ജില്ലാ പഞ്ചായത്തിലെ ശിഹാബ് തങ്ങള്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷനായി. അന്താരാഷ്ട്ര ബാലികാദിനാചരണത്തോടനുബന്ധിച്ച് സെമിനാറുകള്‍, പ്രതിഭാമത്സരങ്ങള്‍, ശില്‍പശാലകള്‍ തുടങ്ങി വിവിധ പരിപാടികളാണ് ജില്ലയില്‍ വ്യത്യസ്ത ദിനങ്ങളിലായി സംഘടിപ്പിക്കുന്നത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പൊന്‍വാക്ക് പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി. വിജയകുമാറിന് കൈമാറി നിര്‍വഹിച്ചു. തുടര്‍ന്ന് ‘ശൈശവ വിവാഹ നിരോധന നിയമം’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി അന്താരാഷ്ട്ര ബാലികാദിനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സെമിനാറും സംഘടിപ്പിച്ചു. സെമിനാര്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു.