പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയ്ക്ക് മാതൃശിശു സൗഹൃദ ഇനീഷ്യേറ്റീവ് അംഗീകാരം

Spread the love

post

മലപ്പുറം : സംസ്ഥാനത്തെ ആദ്യത്തെ മാതൃശിശു സൗഹൃദ ഇനീഷ്യേറ്റീവ് അംഗീകാരത്തിനുളള യോഗ്യത നേടി പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. മദര്‍ ബേബി ഫ്രണ്ട്ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ 91 ശതമാനം മാര്‍ക്ക് ലഭിച്ചാണ് യോഗ്യത നേടിയത്. പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം (മദര്‍ ബേബി ഫ്രണ്ട്ലി ഇനീഷ്യേറ്റീവ്). യൂണിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുളള 10 ഗുണനിലവാര സൂചികയും മാതൃശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളില്‍ 130 ചെക്ക് പോയിന്റുകളും അടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് ആശുപത്രിയില്‍ വിലയിരുത്തല്‍ നടന്നത്. മദര്‍ ബേബി ഫ്രണ്ട്ലി ഇനീഷ്യേറ്റീവ്് പ്രകാരം പത്ത് കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഓരോ ജീവനക്കാരെയും ഈ പദ്ധതി നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധരാക്കുക, മുലപ്പാലിന് ബദലായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ വിപണനത്തില്‍ അന്താരാഷ്ട്ര നിബന്ധനകളും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുളള ലോകാരോഗ്യ സമ്മേളനങ്ങളുടെ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുക, ഫലപ്രദമായ മുലയൂട്ടല്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം എഴുതി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആശുപത്രി ജീവനക്കാര്‍ക്കും മാതാപിതാക്കള്‍ക്കും പതിവായി നല്‍കുക, നവജാത ശിശുക്കളെ അമ്മമാര്‍ സമയാ സമയങ്ങള്‍ മുലയൂട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ നീരീക്ഷണ സംവിധാനം ഉറപ്പാക്കുകയും അവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുക, നവജാത ശിശുക്കളെയും അമ്മമാരെയും പരിചരിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മതിയായ അറിവും കാര്യക്ഷമതയും വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പ് വരുത്തുക, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗര്‍ഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവത്ക്കരിക്കുക, പ്രസവാനന്തരം കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിന് അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിന് സാഹായിക്കുകയും ചെയ്യുക, മുലയൂട്ടുമ്പോള്‍ ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ അമ്മമാര്‍ക്കുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും തടസമില്ലാതെ മുലയൂട്ടുന്നതിനും സഹായിക്കുക, നവജാത ശിശുക്കള്‍ക്ക് മുലപ്പാലിന് പകരം നല്‍കുന്ന പൂരക ഭക്ഷണങ്ങളുടെ ദോഷഫലങ്ങളെക്കുറിച്ച് അമ്മമാരെ ബോധവല്‍ക്കരിക്കുക, പ്രസവാനന്തരം വീടുകളിലേക്ക് മടങ്ങുന്ന അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കുംസമയാസമയങ്ങളില്‍ ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുക, പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും സ്വന്തം മാതാവിന്റെ മുലപ്പാല്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കിയതിനാലാണ് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യോഗ്യത നേടിയത്. ഇതിന്റെ ഭാഗമായി ആശുപത്രിയില്‍ ഓരോ ജീവനക്കാര്‍ക്കും പ്രത്യേകം ട്രൈനിങ് നല്‍കി. ഗര്‍ഭകാലം മുതല്‍ പരിശോധനക്കെത്തുന്ന ഓരോ സ്ത്രീക്കും മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും മുലപ്പാല്‍ നല്‍കുന്നതിനുളള ആത്മധൈര്യവും സഹായവും നല്‍കുന്നതിനുതകുന്ന രീതിയില്‍ വിശദമായ ക്ലാസുകളും നല്‍കിയിരുന്നു. ദേശീയ ആരോഗ്യ ദൗത്യവും അവരുടെ പങ്കാളികളായ ഐ.എ.പി കേരള, എന്‍.എന്‍.എഫ് കേരള, കെ.യു.എച്ച്.എസ്, യൂനിസെഫ്, കെ.എഫ്.ഒ.ജി, ടി.എന്‍.എ.ഐ എന്നിവരുടെ പിന്തുണയോടെയാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും ആശുപത്രി ജീവനക്കാരുടെയും പരിശ്രമത്തിന്റെ ഫലമായാണ് മികച്ച വിജയം നേടാനായത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *