രാഗ നാട്യ വിസ്മയങ്ങൾ പൂത്തുലഞ്ഞ് ഓണവസന്തം 2021.
(ഓണാവസന്തം യു കെ ഇവൻ്റ് ഓർഗനൈസർ)
രാഗ നാട്യ വിസ്മയ പുഷ്പങ്ങൾ പൂത്തുലഞ്ഞ് , പ്രേക്ഷക മനസ്സുകളിൽ ഓണാരവങ്ങൾ തീർത്ത യുക്മയുടെ പ്രഥമ ഓണാഘോഷ പരിപാടി ഓണവസന്തം – 2021 അവിസ്മരണീയമായി. മെഗാ തിരുവാതിരയും പാട്ടും നൃത്തവും ചെണ്ടമേളവുമായി മൂന്ന് മണിക്കൂർ നീണ്ട് നിന്ന കലാപരിപാടികൾ യുക്മ ഫേസ്ബുക്ക് പേജിലൂടെയും മനോരമ യുട്യൂബ് ചാനലിലൂടെയും ആയിരക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്.
യുക്മയും മനോരമയും ചേർന്നൊരുക്കിയ ഓണവസന്തം സെപ്റ്റംബർ 26 ഞായർ 2 PM ന് ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യു കെ മലയാളികളുടെ കലാ സംസ്കാരിക മേഖലകളിൽ യുക്മ നടത്തുന്ന പ്രവർത്തനങ്ങളെ പ്രത്യേകം അനുമോദിച്ച മന്ത്രി ഓക്സ്ഫോർഡിൽ വെച്ച് നടന്ന കേരള പൂരം വള്ളംകളിയിൽ പങ്കെടുത്ത കാര്യവും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു. യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ആശംസിക്കുകയും യുക്മ വൈസ് പ്രസിഡന്റും ഓണവസന്തം 2021 ഇവന്റ് കോർഡിനേറ്ററുമായ അഡ്വ. എബി സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെ യുവഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ എന്നിവരോടൊപ്പം പുതു തലമുറയിലെ അതുല്യ പ്രതിഭ ശ്രേയക്കുട്ടിയും (ശ്രേയ ജയദീപ്) ചേർന്നപ്പോൾ പ്രേക്ഷക മനസ്സുകളിൽ പെയ്തിറങ്ങിയത് അതി മനോഹരങ്ങളായ ഒരു പിടി ഗാനങ്ങളാണ്. സംഗീതാസ്വാദകർ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടനവധി ഗാനങ്ങൾ മലയാളികളുടെ പ്രിയപ്പെട്ട ഗായകർ ഷോയിൽ അവതരിപ്പിച്ചു.
മഞ്ജു സുനിലും നേത്ര വിവേകും ചേർന്നവതരിപ്പിച്ച അതി മനോഹരമായ വെൽക്കം ഡാൻസോടെ തുടക്കം കുറിച്ച ഓണവസന്തത്തിൽ തുടർന്നെത്തിയത് ഗ്ളോസ്റ്റർഷെയർ മലയാളി അസ്സോസ്സിയേഷനിലെ അറുപതിലേറെ കലാകാരികൾ അണിനിരന്ന മെഗാ തിരുവാതിരയായിരുന്നു. ബിന്ദു സോമൻ കോറിയോഗ്രാഫിയും കോർഡിനേഷനും നിർവ്വഹിച്ച മെഗാ തിരുവാതിര ഷോയിലെ ഏറെ ആകർഷണീയമായ പരിപാടികളിൽ ഒന്നായിരുന്നു. ഷീജോ വർഗ്ഗീസിന്റെ നേതൃത്വത്തിൽ റിഥം ഓഫ് വാറിംഗ്ടൺ അവതരിപ്പിച്ച ചെണ്ടമേളം ഓണവസന്തത്തിന് ഉത്സവ ശോഭയേകി.
“ഉത്രാട പൂവിളിയിൽ ” എന്ന ഗാനവുമായ് വിധു പ്രതാപ് ഷോയിലേക്കെത്തിയപ്പോൾ അതേ ഗാനം തന്നെ ഹൃദ്യമായി ആലപിച്ചെത്തിയ ബെഡ്ഫോർഡിൽ നിന്നുള്ള ഡെന്ന ആൻ ജോമോൻ പ്രേക്ഷകരുടെ കയ്യടികൾ ഏറ്റ് വാങ്ങി. കേരളീയ സാംസ്കാരിക തനിമയുടെ നേർരൂപമായി വേദിയിലെത്തിയ ഫ്യൂഷൻ ഫിയസ്റ്റ എന്ന നൃത്ത രൂപം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒന്നായിരുന്നു. കലാഭവൻ നൈസിന്റെ ശിക്ഷണത്തിൽ EYCO ഹൾ അണിയിച്ചൊരുക്കിയ ഫ്യൂഷൻ ഫിയസ്റ്റയെ തുടർന്ന് “നീ മുകിലോ” എന്ന സൂപ്പർ ഹിറ്റ് ഗാനം സിത്താര അതീവ ഹൃദ്യമായി ആലപിച്ചു.
മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ സമ്മാനിച്ച്, ഇരുപത്തഞ്ച് വർഷങ്ങളിലേറെയായി പ്രവർത്തിക്കുന്ന എം. ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സ്പെഷ്യൽ സെഗ്മെന്റ് ഷോയിലെ ഏറെ ആകർഷണീയമായ ഒന്നായിരുന്നു.
ബർമിംഗ്ഹാമിൽ നിന്നുള്ള സൈറ മരിയ ജിജോ “കാറ്റ്റ് വെളിയിട കണ്ണമ്മ” എന്ന സെമി ക്ളാസ്സിക്കൽ ഗാനം പാടി കേൾവിക്കാരുടെ മനസ്സിൽ സംഗീതത്തിന്റെ അലയൊലികൾ തീർത്തപ്പോൾ “ചാഞ്ചാടി ആടി ഉറങ്ങ് നീ” ശ്രുതി മധുരമായ് പാടി ശ്രേയക്കുട്ടി തന്റെ ആരാധകരെ കയ്യിലെടുത്തു. “തെക്കിനി കോലായ ചുമരിൽ” എന്ന പ്രശസ്തമായ ഗാനം ഏറെ മനോഹരമായി പാടിയെത്തിയ, ലണ്ടനിൽ നിന്നുള്ള ദൃഷ്ടി പ്രവീണിനൊപ്പം പാട്ടിന്റെ ദൃശ്യാവിഷ്കാരവുമായി എത്തിയ ശ്രദ്ധ വിവേക് ഉണ്ണിത്താനും പ്രേക്ഷക പ്രശംസകൾ ഏറ്റ് വാങ്ങി. “ഓ മാമ മാമ ചന്ദമാമ” എന്ന അടിപൊളി ഗാനവുമായെത്തി, കേംബ്രിഡ്ജിൽ നിന്നുള്ള ടെസ്സ ജോൺ പ്രേക്ഷകരെ കയ്യിലെടുത്തപ്പോൾ “നിലാവേ നിലാവേ” എന്ന മെലഡി അതീവ ഹൃദ്യമായി പാടിയ ലൂട്ടനിൽ നിന്നുള്ള ആനി അലോഷ്യസ് വേറിട്ടൊരനുഭവമായി. മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനങ്ങളിൽ ഒന്നായ “പാട്ടിൽ ഈ പാട്ടിൽ” പാടിയ ലണ്ടനിൽ നിന്നുള്ള ലക്ഷ്മി രാജേഷ് തന്റെ ശ്രുതി ശുദ്ധമായ ആലാപന മികവ് വീണ്ടും തെളിയിച്ചു.
ടോണി അലോഷ്യസ്, ആനി അലോഷ്യസ് സഹോദരങ്ങളുടെ ബാഹുബലി തീം ബോളിവുഡ് ഡാൻസ് അരങ്ങിൽ ആവേശം നിറച്ച ഒന്നായിരുന്നു. സംഗീതവും നൃത്തവും ഒക്കെയായി. യുകെയിലെ നൂറ് കണക്കിന് വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ഈ സഹോദരങ്ങൾ ആദ്യമായാണ് ഒരുമിച്ചൊരു നൃത്തം ചെയ്യുന്നത്. “മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്” പാടിയെത്തി വാൽസാളിലെ അലീന സെബാസ്റ്റ്യൻ ആസ്വാദക ശ്രദ്ധ ആകർഷിച്ചു. “ഓ തിങ്കൾ പക്ഷി” എന്ന ഗാനമാലപിച്ച് ലിങ്കണിൽ നിന്നുള്ള നെൽസൺ ബൈജു പ്രേക്ഷകരുടെ ശ്രദ്ധ നേടി. ആസ്വാദകർ നിറഞ്ഞ കയ്യടികളോടെ ഏറ്റ് വാങ്ങിയ ഓണവസന്തം ഷോയുടെ അവസാനത്തെ പരിപാടി കലാശക്കൊട്ടായി അവതരിപ്പിച്ചത് യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിന്റെ ഏറെ മനോഹരമായ ഉപകരണ സംഗീതമായിരുന്നു.
മനോരമയുടെ ജനറൽ മാനേജർ (മാർക്കറ്റിംഗ്) ബി. ബാലഗോപാലിനും ഷോയിൽ സെലിബ്രിറ്റി ഗായകരായെത്തിയ വിധു പ്രതാപിനും സിത്താരയ്ക്കും ശ്രേയക്കുട്ടിക്കും യുക്മയുടെ സ്നേഹോപഹാരം യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ കൈമാറി. കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് നടന്ന പ്രോഗ്രാമിൽ അഡ്വ. എബി സെബാസ്റ്റ്യനോടൊപ്പം യുക്മ പി ആർ ഒ യും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, മുൻ ദേശീയ ജനറൽ സെക്രട്ടറി അബ്രാഹം ലൂക്കോസ്, RCN ലണ്ടൻ ബോർഡ് മെമ്പർ അബ്രാഹം പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റർ ബെന്നി അഗസ്റ്റിൻ, യുക്മ ജനറൽ കൗൺസിൽ അംഗം സജീവ് തോമസ് എന്നിവർ പങ്കെടുത്തു.
കൊച്ചി റേഡിയോ മാംഗോയിലെ റേഡിയോ ജോക്കിയായ മഞ്ജു അവതാരികയുടെ റോൾ വളരെ ഭംഗിയായി നിർവ്വഹിച്ചു.
യുക്മയുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച ഓണാഘോഷം ഏറെ വർണ്ണാഭമായി അണിയിച്ചൊരുക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പരിപാടിയിൽ പങ്കെടുത്ത കലാ പ്രതിഭകളും, യുക്മ കുടുംബാംഗങ്ങളോടൊപ്പം, യുക്മ നേതൃത്വവും.
യുക്മ ഓണവസന്തം – 2021 പരിപാടി കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:-