കാസര്‍ഗോഡ് : ഉപയോഗം കഴിഞ്ഞ പേനകള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി ഹരിത കേരളം മിഷന് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പെന്‍ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളക്ടറേറ്റില്‍ സ്ഥാപിച്ച ശേഖരണ പെട്ടികളില്‍നിന്നും ഒരു ക്വിന്റല്‍ പേനകള്‍ കൈമാറി. കളക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ നിന്നും ആറുമാസം കൊണ്ട് ശേഖരിച്ച പേനകളാണ് നീക്കം ചെയ്തത്. രണ്ടു വര്‍ഷമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഉപയോഗശൂന്യമായ പേനകള്‍ ശേഖരിച്ച് അംഗീകൃത പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറുന്ന പ്രവര്‍ത്തനമാണ് പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ ഹരിതകേരള മിഷന് നടത്തി വരുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 300 ലധികം വിദ്യാലയങ്ങളിലും, വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും പെന്‍ഫ്രണ്ട് ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗ ശൂന്യമായ പേനകള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും ഈ ബോക്സില്‍ നിക്ഷേപിക്കുകയും നിശ്ചിത കാലയളവില്‍ അംഗീകൃത പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറുകയും ചെയ്യും. അരുത്, വലിച്ചെറിയരുത് കത്തിക്കരുത് ക്യാമ്പയിന് എന്‍എസ്എസ്, സ്കൗട്ട്, ഗൈഡ്സ്, എസ്പിസി തുടങ്ങിയവയുടെ സഹായത്തോടെയാണ് വിദ്യാലയങ്ങളില്‍ നടത്തി വരുന്നത്.
സമൂഹത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷന് ‘പെന്‍ഫ്രണ്ട്’പദ്ധതി ആവിഷ്കരിച്ചത്. പുനര്‍ചംക്രമണത്തിന് കൈമാറി ലഭിക്കുന്ന വരുമാനം പേപ്പര്‍ പേന നിര്‍മ്മാണ പരിശീലനം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വിനിയോഗിക്കും. ബോള്‍ പേനകളുടെ ഉപയോഗം നിയന്ത്രിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടപ്പിലാക്കുന്നുണ്ട്.കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ് വീര്‍ചന്ദ് ഐ.എസ്.എം.എ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ചെമ്മനാടിന് പേനകള്‍ കൈമാറി. ഹരിത കേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്, അഭിരാജ്. എ.പി, ശ്രീരാജ്.സി.കെ, ഊര്‍മിള ആര്.കെ, കൃപേഷ്. ടി, അശ്വിന് ബി എന്നിവര്‍ പങ്കെടുത്തു.