രക്ഷിതാക്കളെ മന്ത്രി സന്ദര്‍ശിച്ചു
മലപ്പുറം: കൊണ്ടോട്ടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജില്‍ മാതംകുളത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു രണ്ട് കുട്ടികള്‍ നഷ്ടമായ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യാക്തമാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയുണ്ടായ അപകടത്തില്‍ കാടപ്പടി വരിച്ചാല്‍ ചോളാഞ്ചേരി അബൂബക്കര്‍ സിദ്ദിഖിന്റേയും സുമയ്യയുടേയും മക്കളായ ദിയാന ഫാത്തിമ (ഏഴ്), ലുബാന ഫാത്തിമ (ആറ് മാസം) എന്നിവരാണ് മരിച്ചിരിച്ചിരുന്നത്. മാതംകുളത്ത് മാതൃ വീടായ ചോനാരി മുഹമ്മദ് കുട്ടിയുടെ വീട്ടിലായിരുന്നു സംഭവ ദിവസം കുട്ടികള്‍. ഇതിനോടു ചേര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിനും സുമയ്യക്കും നിര്‍മ്മിക്കുന്ന പുതിയ വീട് തകര്‍ന്ന് ചോനാരി മുഹമ്മദ് കുട്ടിയുടെ വീടിനു മുകളില്‍ പതിക്കുകയായിരുന്നു. ഇക്കാരണത്താലാണ് വിശദ്ദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിയോടെ കാടപ്പടിയിലുള്ള അബൂബക്കര്‍ സിദ്ദിഖിന്റെ മാതൃ സഹോദരന്റെ വീട്ടിലെത്തിയ മന്ത്രി വി. അബ്ദുറഹിമാന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അബൂബക്കര്‍ സിദ്ദിഖ്, മാതൃപിതാവ് മുഹമ്മദ്കുട്ടി എന്നിവരുമായി മന്ത്രി സംസാരിച്ചു. പ്രാദേശിക ജനപ്രതിനിധികളും തദ്ദേശഭരണ, റവന്യൂ വകുപ്പ് ജീവനക്കാരും മന്ത്രിയോടൊപ്പം എത്തിയിരുന്നു.