ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം : കെപിസിസി പ്രസിഡന്റ്

Spread the love

സംസ്ഥാനത്ത് കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യ് മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് ആഹ്വാനം ചെയ്തു. ഈ ആപത്ഘട്ടത്തില്‍ സഹജീവി സഹാനുഭൂതിയില്‍ നിറഞ്ഞ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍മനിരതനാകണം.

ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഗാന്ധിജിയില്‍ നിന്നു നാം സ്വായത്തമാക്കിയ അമൂല്യമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട അവസരമാണിത്.

ഡിസിസി ഓഫീസുകളിലും താഴെത്തട്ടിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ജനങ്ങള്‍ക്ക് ആവശ്യമായ സഹായത്തിന് കണ്‍ട്രോള്‍ റൂമുകളെ ബന്ധപ്പെടണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റെയും സേവാദളിന്റെയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം.

ജനങ്ങള്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും എല്ലാവരും സജീവ ഭാഗഭാക്കാകണം.

സംസ്ഥാന വ്യാപകമായി പേമാരി ദുരിതം വിതച്ച സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറപ്പാക്കണം.

സര്‍ക്കാരിന്റെ സര്‍വശക്തിയും രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേന്ദ്രീകരിക്കണം. കാലവിളംബം കൂടാതെ ഇവ നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *