കേന്ദ്രം ഭരിക്കുന്നത് കോർപററേറ്റുകൾക്ക് വേണ്ടിയാണന്നും ജനങ്ങൾക്ക് വേണ്ടിയല്ലന്നും അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ആഗോള വിശപ്പ് സൂചികയിലെ 101 ആം റാങ്കെന്നും കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ. നരേന്ദ്ര മോദി ഭരണത്തിൽ ഇന്ത്യ ഗുരുതര പട്ടിണി നേരിടുന്നു എന്ന് ആഗോള വിശപ്പ് സൂചിക റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. രാജ്യത്തെ ആഗോള ശക്തിയാക്കും എന്ന് വാഗ്ദാനം ചെയ്തവർ രാജ്യത്തെ ആഗോള വിശപ്പ് സൂചികയിൽ 101 ആം സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനും പാക്കിസ്ഥാനും നേപ്പാളിനും മ്യാൻമാറിനും പിന്നിലാണ് രാജ്യമെന്നും കോർപറേറ്റുകൾ തടിച്ചു കൊഴുക്കുമ്പോൾ ജനങ്ങൾ പട്ടിണിയിലൂടെ കടന്ന് പോകുന്ന ദുരവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്നും ഡോ. ശൂരനാട് അഭിപ്രായപ്പെട്ടു..
ആഗോള വിശപ്പ് സൂചികയിൽ 116 രാജ്യങ്ങളുള്ള പട്ടികയിൽ 101 ആം സ്ഥാനത്താണ് ഇന്ത്യ. 2020ൽ 94ാം സ്ഥാനത്തായിരുന്നു രാജ്യം . ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ 18 രാജ്യങ്ങള്‍ അഞ്ചില്‍ താഴെ ജിഎച്ച്‌ഐ സ്‌കോറുമായി മുന്‍നിരയിൽ ഉണ്ട്.ദാരിദ്രം, പോഷകക്കുറവ് എന്നിവ നിരന്തരം നിരീക്ഷിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് ഐറിഷ് സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവ്, അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.