ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ അഡൈ്വസറി ബോര്‍ഡ് അംഗവും ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചനം രേഖപ്പെടുത്തി. 2019 ഇല്‍ ഹൂസ്റ്റണില്‍ വെച്ച് പ്രൗഡ ഗംഭീരമായി നടത്തിയ ഇന്റര്‍നാഷ്ണല്‍ മീഡിയാ കോണ്‍ഫറന്‍സിന്റെ വൈസ് ചെയര്‍മാനായിരുന്ന ഈശോ ജേക്കബിന്റെ നിര്യാണം ഐഎപിസിക്ക് കനത്ത നഷ്ടമാണെന്ന് ചെയര്‍മാന്‍ പ്രഫ. ജോസഫ് എം.ചാലില്‍ പറഞ്ഞു.
റിസ്‌ക് മാനേജുമെന്റ് ഫോര്‍ ജേര്‍ണലിസ്റ്റ്‌സ് എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍, വിവിധ ജേര്‍ണലിസം വര്‍ക്ഷോപ്പുകള്‍, പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് തുടങ്ങിയ നിരവധി ആനുകാലിക വിഷയങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിച്ച പരിപാടികള്‍ സംഘടിപ്പിക്കാനും വിജയിപ്പിക്കാനും ഈശോ ജേക്കബിന്റെ അനിതര പാടവം പ്രശംസനീയമായിരുന്നു. ഈശോ ജേക്കബിന്റെ ആകസ്മികമായ വേര്‍പാട് മാധ്യമലോകത്തിനാകെ തീരാനഷ്ടമാണെന്ന് ഐഎപിസി പ്രസിഡന്റ് ഡോ.എസ്.എസ്. ലാല്‍ പറഞ്ഞു.
ഐഎപിസിയുടെ രൂപീകരണ കാലഘട്ടം മുതല്‍ ഈ സംഘടനയോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ഈശോ ജേക്കബിന്റെ നിര്യാണം അപ്രതീക്ഷിതവും ദുഖകരവുമാണെന്ന് ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു. ഐഎപിസിയുടെ വളര്‍ച്ചയ്ക്കായി ഈശോ ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാവുന്നതല്ല. കൂടാതെ അദ്ദേഹം ഏഷ്യന്‍ഈറയുടെ റസിഡന്റ് എഡിറ്ററും അക്ഷരം മാസികയുടെ മാനേജിംഗ്് എഡിറ്ററും ആയിരുന്ന കാലഘട്ടത്തില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മാധ്യമരംഗത്തെ പ്രഫഷണലിസം അടുത്തറിയാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാട് ഐഎപിസിക്കും അമേരിക്കയിലെ മാധ്യമസമൂഹത്തിനും മലയാളികള്‍ക്കും തീരാനഷ്ടമാണെന്നും ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു.
ഈശോ ജേക്കബിന്റെ വേര്‍പാട് ഐഎപിസിയെ സംബന്ധിച്ചെടുത്തോളം നികത്താനാകാത്ത നഷ്ടമാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. മാത്യു ജോയിസ് പറഞ്ഞു. 2019 ല്‍ ഹ്യൂസ്റ്റണില്‍ നടന്ന കോണ്‍ഫ്രന്‍സിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ച സമയത്താണ് ഈശോ ജേക്കബുമായി അടുത്ത് ഇടപഴുകിയതെന്നും ആ സമയത്ത് അദ്ദേഹത്തിനിലെ നേതാവിനെയും മാധ്യമപ്രവര്‍ത്തകനെയും അടുത്തറിയാന്‍ സാധിച്ചുവെന്നും മാത്തുക്കുട്ടി ഈശോയും റെജി ഫിലിപ്പും അനുസ്മരിച്ചു.
ഹ്യൂസ്റ്റനില്‍ നിന്ന് 1988 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരാജ്യം എന്ന വാര്‍ത്താവാരികയിലൂടെ രംഗപ്രവേശം ചെയ്ത ഈശോ മാധ്യമരംഗത്തു ഉജ്ജ്വല നേട്ടങ്ങള്‍ കൈവരിച്ചാണ് അരങ്ങൊഴിയുന്നത്. ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 11.30 നായിരുന്നു അന്ത്യം. കോട്ടയം വാഴൂര്‍ ചുങ്കത്തില്‍ പറമ്പില്‍ കുടുംബാംഗമായ ഈശോ ജേക്കബ് 37 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. ചങ്ങനാശേരി എസ്.ബി കോളജില്‍നിന്നും നിന്നും ബിരുദാനനന്തരബിരുദ കോഴ്സ് പൂര്‍ത്തിയാക്കിയ ഇദ്ദേഹം കോട്ടയം സിഎംഎസ് കോളജിലെയും വാഴൂര്‍ എന്‍എസ്എസ് കോളജിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു.
അമേരിക്കയിലെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പിനികളിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രതിനിധിയായി രണ്ടു പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിക്കുന്നു. പ്രവര്‍ത്തന ശൈലികൊണ്ടു തന്നെ ഏവര്‍ക്കും പ്രിയങ്കരനാണ് ഇദ്ദേഹം. ലൈഫ് അണ്ടര്‍റൈറ്റേഴ്സ് ട്രെയിനിംഗ് കൗണ്‍സില്‍, അമേരിക്കന്‍ കോളജ് പെന്‍സില്‍വാനിയയുടേയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്.
ചങ്ങനാശ്ശേരി സെന്റ് വിന്‍സെന്റ് ഡി പോള്‍ സെമിനാരിയിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഈശോ മലയാള മനോരമയില്‍ സബ് എഡിറ്റര്‍ ട്രെയിനി, കറസ്പോണ്ടന്റ്, ഫോര്‍ട്ട് ബെന്‍ഡ് സ്റ്റാര്‍ ന്യൂസ് വീക്കിലിയില്‍ പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഏഷ്യയില്‍ ന്യൂസ് എഡിറ്റര്‍, അക്ഷരം ഇന്റര്‍നാഷണല്‍ മലയാളം മാസികയില്‍ റെസിഡന്റ് എഡിറ്റര്‍, ഹൂസ്റ്റണ്‍ സ്മൈല്‍സ്, ഏഷ്യന്‍ സ്മൈല്‍സ് മാസികകളുടെ പബ്ലിഷര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1980-90 കാലയളവില്‍ ന്യൂ ഇംഗ്ലണ്ട് ബിസിനസ് സര്‍വീസില്‍ സെയില്‍ കണ്‍സള്‍ട്ടന്റായും കിന്‍കോ കോര്‍പറേഷനില്‍ കംപ്യൂട്ടര്‍ സര്‍വീസ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി ഡിജിറ്റല്‍, പ്രിന്റ് മാധ്യങ്ങളില്‍ ഫീച്ചറുകളും കഥകളും ലേഖനങ്ങളും കാര്‍ട്ടൂണുകളും കവിതകളും രചിച്ചിട്ടുണ്ട്. നല്ലൊരു വായനക്കാരനും ചിന്തകനും എഴുത്തുകാരനും പരിചയസമ്പത്തുള്ള എഡിറ്ററും പബ്ലിഷറുമാണ് അദ്ദേഹം. മികച്ച പ്രഭാഷകന്‍ കൂടിയായ ഈശോ ടോസ്റ്റ്മാസ്റ്റേഴ്സ് അന്താരാഷ്ട്ര ക്ലബ് അംഗവുമാണ്. 2006-07 ല്‍ അക്കങ്ങളുടെ രൂപം, മൂല്യം എന്നിവയുടെ പിന്നിലെ യുക്തി സംബന്ധിച്ച കണ്ടുപിടിത്തവും അദ്ദേഹം നടത്തി. ദശാംശ സംഖ്യകളുടെ രൂപത്തെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഗ്രന്ഥത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ കോപ്പിറൈറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. വിശ്വസ്തതയും ബുദ്ധിവൈഭവും പ്രവര്‍ത്തന സ്ഥിരതയും കൊണ്ടാണ് അദ്ദേഹം ഉന്നത വിജയം സ്വന്തമാക്കിയത്. ഈശോ അങ്കിള്‍ എന്നറിയപ്പെടുന്ന അദ്ദേഹം നോര്‍ത്ത് അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്റെ നാഷണല്‍ പബ്ലിക് റിലേഷന്‍സ് കോ-ഓര്‍ഡിനേറ്ററായും മികച്ച സേവനം കാഴ്ച്ചവെച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ മലയാളി അസോസിയേഷന്റെ ട്രഷററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിനു പുറത്ത് ആദ്യമായി കംപ്യൂട്ടറൈസ്ഡ് ടൈപ്പ് സെറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാള പത്രം പ്രസിദ്ധീകരിച്ച് ചരിത്രം സൃഷ്ടിച്ച വ്യക്തി കൂടിയാണദ്ദേഹം. 1986 മുതല്‍ 1996 വരെ ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഭാര്യ റേച്ചല്‍ ഈശോ. മക്കള്‍: റോഷന്‍, റോജന്‍, റോയ്സാന്‍.
ഡോ. മാത്യു ജോയിസ്