തിരുവനന്തപുരം: പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. അതില്‍നിന്നാണ് വീണ്ടും ജലനിരപ്പ് ഉയരുന്നതായി കാണുന്നത്. പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. കക്കി ഡാം നാളെ തുറക്കാന്‍ സാധ്യതയുണ്ട്. കക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഡാം തുറക്കുക.
നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെതന്നെ നിര്‍ദേശം നല്‍കിയരുന്നു. അതിന്റെയടിസ്ഥാനത്തില്‍ കുറേയാളുകള്‍ മാറിയിരുന്നു. ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗണ്‍സ്മെന്റുകള്‍ പഞ്ചായത്തുകള്‍ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാമ്പുകളിലായി കഴിയുന്നത്.
ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ എല്ലാവരും സ്വീകരിക്കണം.