പത്തനംതിട്ട: ശക്തമായ മഴതുടരുന്നത് കണക്കിലെടുത്ത് നദീതീരത്ത് ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി റസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്നില്‍ കണ്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ദുരന്തങ്ങളെ അതിജീവിക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ 23 പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിക്കുന്ന സ്ഥിതിയാണുള്ളത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ വകുപ്പ് കൃത്യമായ നടപടി സ്വീകരിച്ചു വരുന്നു. അതിശക്തമായ മഴ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന സ്ഥിതിയുണ്ടായാല്‍ ഇത്തരത്തിലുള്ള ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയുണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. ജില്ലയില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ എന്‍.ഡി.ആര്‍.എഫും സഹായിക്കാന്‍ മത്സ്യതൊഴിലാളികളുടെ സംഘവും തുടരുന്നതായും മന്ത്രി പറഞ്ഞു.
യോഗത്തില്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.