പത്തനംതിട്ട : റാന്നി, കോന്നി പ്രദേശങ്ങളില്‍ നിന്ന് വെള്ളം താഴുന്നതിന് അനുസരിച്ച് വെള്ളമെത്തുന്ന തിരുവല്ല, അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ മഴയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ജില്ലയില്‍ ഇതുവരെ 63 ക്യാമ്പുകളിലായി 515 കുടുംബങ്ങളിലെ 1840 പേര്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി താലൂക്കില്‍ ഒമ്പതു ക്യാമ്പുകളിലായി 180 പേരും അടൂരില്‍ രണ്ടു ക്യാമ്പുകളിലായി 16 പേരും തിരുവല്ലയില്‍ 30 ക്യാമ്പുകളിലായി 1004 പേരും മല്ലപ്പള്ളിയില്‍ 15 ക്യാമ്പുകളിലായി 345 പേരും കോന്നിയില്‍ ഏഴു ക്യാമ്പുകളിലായി 295 പേരുമാണുള്ളത്. രണ്ടു ദിവസത്തിനിടെ 21 വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തിരുവല്ല, അപ്പര്‍കുട്ടനാട് പ്രദേശങ്ങളില്‍ അടിയന്തരമായി റസ്‌ക്യു ഓപ്പറേഷന്‍ നടത്തണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കന്നുകാലി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ദുരന്തനിവാരണ സമയത്ത് കൃത്യമായി ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡ്വ.കെ.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ക്യാമ്പിലെത്താന്‍ കഴിയാതെ വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് സഹായങ്ങള്‍ എന്നിവ ലഭ്യമാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ അടിയന്തരമായി ലഭ്യമാക്കണമെന്നും എംഎല്‍എ പറഞ്ഞു.